മാഹി മേഖലാ ഇന്റർ സ്കൂൾ ഡിബേറ്റ്: പന്തക്കൽ ഐ.കെ.കെ. ഹയർ സെക്കൻഡറി സ്കൂൾ ഒന്നാമത്

 


മാഹി ദ ലബുർദൊനെ കോളേജ് ഓൾഡ് സ്റ്റുഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഇന്റർ സ്കൂൾ ഡിബേറ്റ്-2026 ൽ പന്തക്കൽ പി.എം. ഐ.കെ.കെ. ഹയർ സെക്കൻഡറി സ്കൂൾ ഒന്നാം സ്ഥാനം നേടി. വിദ്യാഭ്യാസ വിചക്ഷണനും മാഹി ദ ലബുർദൊനെ കോളേജിലെ അധ്യാപകനും ഹെഡ്മാസ്റ്ററുമായിരുന്ന പാലേരി ദാമോദരൻ മാസ്റ്ററുടെ സ്മരണാർത്ഥമാണ് മത്സരം സംഘടിപ്പിച്ചത്. ചാലക്കര സെന്റ് തെരേസാസ് ഹയർ സെക്കൻഡറി സ്കൂൾ രണ്ടാം സ്ഥാനവും എക്സൽ പബ്ലിക് സ്കൂൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മികച്ച ഡിബേറ്ററായി മാഹി ജെ.എൻ.ജി.എച്ച്.എസ്.എസിലെ സൈനബ് റിയാസ് തിരഞ്ഞെടുക്കപ്പെട്ടു.

വിജയികൾക്ക് യഥാക്രമം 10,000, 5,000, 3,000 രൂപയുടെ ക്യാഷ് പ്രൈസും ട്രോഫിയും സർട്ടിഫിക്കറ്റുകളും സമ്മാനിച്ചു. പങ്കെടുത്ത മറ്റു ടീമുകൾക്ക് പ്രോത്സാഹന സമ്മാനങ്ങളും നൽകി.

'നിർമ്മിത ബുദ്ധി മനുഷ്യരാശിക്ക് ഗുണമോ ദോഷമോ' എന്ന വിഷയത്തിൽ നടന്ന സംവാദത്തിൽ മാഹി മേഖലയിലെ ഏഴ് വിദ്യാലയങ്ങളിൽ നിന്നായി 14 ഹയർ സെക്കൻഡറി വിദ്യാർത്ഥികൾ പങ്കെടുത്തു. തീർത്ഥ ഇന്റർനാഷണലിൽ നടന്ന പരിപാടിയിൽ പി.സി.എച്ച്. ശശിധരൻ മോഡറേറ്ററായിരുന്നു. മൂന്ന് മണിക്കൂറോളം നീണ്ട സംവാദത്തിൽ നിർമ്മിത ബുദ്ധിയുടെ സാധ്യതകളും വെല്ലുവിളികളും വിദ്യാർത്ഥികൾ വിശദമായി അവതരിപ്പിച്ചു. നിർമ്മിത ബുദ്ധിയുടെ അടിമകളായി മാറുന്നതിനു പകരം മനുഷ്യർ സ്വന്തം കഴിവുകൾ വികസിപ്പിക്കുകയാണ് വേണ്ടതെന്നും, അമിതമായ ആശ്രിതത്വം സർഗാത്മകതയെ ഇല്ലാതാക്കുമെന്നും വിദ്യാർത്ഥികൾ അഭിപ്രായപ്പെട്ടു.

ഡോ. ആന്റണി ഫെർണാണ്ടസ്, പവിത്രൻ കൊല്ലർക്കണ്ടി, സി. ബാലഗോപാൽ, പി.സി. ദിവാനന്ദൻ, സി.എച്ച്. പ്രഭാകരൻ, കെ.കെ. സത്യൻ, കെ.ടി. വിജയരാഘവൻ, മുസ്തഫ പറമ്പത്ത് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. എം. ഹരീന്ദ്രൻ, ആനന്ദ് കുമാർ പറമ്പത്ത്, ടി.സി. പ്രദീപ് എന്നിവരായിരുന്നു വിധികർത്താക്കൾ.

 

വളരെ പുതിയ വളരെ പഴയ