കണ്ണൂരിൽ സൈബർ തട്ടിപ്പുകൾ തുടർക്കഥയാകുന്നു; ന്യൂ മാഹി, ഉമ്മൻചിറ സ്വദേശികൾക്ക് പണം നഷ്ടമായി


മാഹി (കണ്ണൂർ): ജില്ലയിൽ ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾ തുടർക്കഥയാകുന്നു. വ്യത്യസ്ത സംഭവങ്ങളിലായി ന്യൂ മാഹി, ഉമ്മൻചിറ സ്വദേശികൾക്കാണ് പതിനായിരക്കണക്കിന് രൂപ നഷ്ടമായത്.

ന്യൂ മാഹി സ്വദേശി ശരേഷിന് 61,000 രൂപയാണ് നഷ്ടമായത്. മൊബൈൽ ഫോണിൽ വന്ന അപ്ഡേറ്റ് പോപ്പ്-അപ്പ് സന്ദേശം തുറന്നതോടെയാണ് ഇദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്നും പണം കവർന്നെടുത്തത്.

മറ്റൊരു സംഭവത്തിൽ, ഉമ്മൻചിറ സ്വദേശിനിയായ ദർശനയാണ് തട്ടിപ്പിനിരയായത്. 'ധനി ഫിനാൻസ്' എന്ന പേരിൽ ഫേസ്ബുക്കിൽ വന്ന പരസ്യം വഴിയായിരുന്നു തട്ടിപ്പ്. 30 ലക്ഷം രൂപ വായ്പ നൽകാമെന്ന് വാഗ്ദാനം ചെയ്ത് വിശ്വസിപ്പിച്ച ശേഷം, വിവിധ ചാർജുകളുടെ പേരിൽ ദർശനയിൽ നിന്നും 26,000 രൂപ തട്ടിയെടുക്കുകയായിരുന്നു.

സോഷ്യൽ മീഡിയ വഴിയുള്ള വ്യാജ ലോൺ വാഗ്ദാനങ്ങളിലും, ഫോണുകളിൽ വരുന്ന അജ്ഞാത അപ്ഡേറ്റ് പോപ്പ്-അപ്പ് ലിങ്കുകളിലും പൊതുജനങ്ങൾ വഞ്ചിതരാകരുതെന്നും അതീവ ജാഗ്രത പാലിക്കണമെന്നും പോലീസ് മുന്നറിയിപ്പ് നൽകുന്നു.



വളരെ പുതിയ വളരെ പഴയ