അഴിയൂർ (കോഴിക്കോട്): കുഞ്ഞിപ്പള്ളി ബ്ലോക്ക് ഓഫീസിന് സമീപം ബൈപ്പാസ് റോഡിൽ നിയന്ത്രണം വിട്ട കാർ ഡിവൈഡറിലിടിച്ച് മറിഞ്ഞ ശേഷം തീപിടിച്ച് പൂർണ്ണമായും കത്തിനശിച്ചു. വെള്ളിയാഴ്ച രാവിലെ 6.45 ഓടെയായിരുന്നു അപകടം. കണ്ണൂർ പാപ്പിനിശ്ശേരിയിൽ നിന്നും ഗുരുവായൂരിലേക്ക് പോവുകയായിരുന്ന സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്.
ഡിവൈഡറിലിടിച്ച് മറിഞ്ഞ കാറിൽ നിന്നും ഉടൻ തന്നെ തീ പടർന്നുപിടിക്കുകയായിരുന്നു. രാവിലെ സമീപത്തെ ഗ്രൗണ്ടിൽ വ്യായാമം ചെയ്യാനെത്തിയ നാട്ടുകാർ ഓടിയെത്തി കാറിന്റെ ഗ്ലാസ് തല്ലിത്തകർത്താണ് അകത്തുണ്ടായിരുന്നവരെ പുറത്തെത്തിച്ചത്. നാട്ടുകാരുടെ സമയോചിതമായ ഇടപെടൽ വലിയൊരു ദുരന്തം ഒഴിവാക്കി.
വിവരമറിഞ്ഞ് മാഹിയിൽ നിന്നും അഗ്നിരക്ഷാസേന സ്ഥലത്തെത്തിയാണ് തീ പൂർണ്ണമായും അണച്ചത്. അപകടത്തിൽ പരിക്കേറ്റ കാർ യാത്രക്കാരെ വടകരയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചോമ്പാല പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിക്കുകയും ഗതാഗതം നിയന്ത്രിക്കുകയും ചെയ്തു.
