മാഹി: മാഹി ഗവൺമെന്റ് ജനറൽ ആശുപത്രിയിൽ പുതുതായി സജ്ജമാക്കിയ ഹീമോഡയാലിസിസ് യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു. പുതുച്ചേരി ലെഫ്റ്റനന്റ് ഗവർണർ കെ. കൈലാഷ്‌നാഥൻ യൂണിറ്റിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു. മാഹി എം.എൽ.എ അഡ്വ. ടി. അശോക് കുമാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
പുതിയ യൂണിറ്റ് പ്രവർത്തനസജ്ജമായതോടെ മാഹിയിലെയും സമീപ പ്രദേശങ്ങളിലെയും വൃക്കരോഗികൾക്ക് മികച്ച ഡയാലിസിസ് ചികിത്സാ സൗകര്യം മാഹിയിൽത്തന്നെ ലഭ്യമാകും. ചികിത്സയ്ക്കായി മറ്റ് ജില്ലകളിലേക്ക് യാത്ര ചെയ്യേണ്ടിയിരുന്ന രോഗികൾക്ക് ഇത് വലിയ ആശ്വാസമാകും.
ചടങ്ങിൽ മാഹി റീജ്യണൽ അഡ്മിനിസ്ട്രേറ്റർ അങ്കിത് കുമാർ ഐ.എ.എസ്, ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. എസ്. സെവ്വേൽ, ഡെപ്യൂട്ടി ഡയറക്ടർ ഡോ. എ.പി. ഇസ്ഹാഖ് എന്നിവർ സംസാരിച്ചു. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.
