സോഷ്യൽ മീഡിയ വ്ലോഗർ ശിവത്തിൽ അനൂപിന്റെ മരണത്തിനിടയാക്കിയ അപകടത്തിൽ കാർ ഡ്രൈവർ മദ്യപിച്ചിരുന്നതായി പരിശോധനാ ഫലം. മാഹി സ്വദേശി ഓം കുനുമ്മൽ വി. വിദ്യു കൃഷ്ണ (25) യെ എടക്കാട് പോലീസ് മനഃപൂർവമല്ലാത്ത നരഹത്യയടക്കമുള്ള വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്തു. ബി.എൻ.എസ് 281, 105, 110 മോട്ടോർ വെഹിക്കിൾ ആക്ടിലെ 185 വകുപ്പുകൾ പ്രകാരമാണ് അറസ്റ്റ്.
കഴിഞ്ഞ ദിവസം വൈകീട്ട് ഏഴേകാലോടെ ദേശീയപാത നടാലിൽ ഡിവൈഡറിൽ ഇടിച്ച് നിയന്ത്രണം വിട്ട KL 18 V 5987 നമ്പർ കാർ, അനൂപും സുഹൃത്ത് ഷമീറും സഞ്ചരിച്ച KL 13 AX 2987 നമ്പർ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. മാഹി പള്ളി പെരുന്നാളുമായി ബന്ധപ്പെട്ട വ്ലോഗ് ചിത്രീകരിക്കാൻ സുഹൃത്തോടൊപ്പം പോകുന്നതിനിടെയാണ് അപകടം.
ഇടിയുടെ ആഘാതത്തിൽ ഇരുവരും സർവീസ് റോഡിലേക്ക് തെറിച്ചുവീണു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും അനൂപിന്റെ മരണം സംഭവിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ സുഹൃത്ത് ഷമീർ ആശുപത്രിയിൽ ചികിത്സയിലാണ്.
പൊതുപ്രശ്നങ്ങൾ സോഷ്യൽ മീഡിയയിലൂടെ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തുകയും കണ്ണൂരിലെ വിവിധ പരിപാടികളെക്കുറിച്ച് വ്ലോഗുകൾ ചെയ്തുമാണ് അനൂപ് ശ്രദ്ധേയനായത്. ഫേസ്ബുക്കിലും യൂട്യൂബിലും സജീവമായിരുന്നു.
