മാഹി: മാതാപിതാക്കളോടൊപ്പം മാഹി പള്ളിയിലെത്തിയ മൂന്നുവയസുകാരിയുടെ സ്വർണവള ഊരിയെടുത്ത കോട്ടയം സ്വദേശി അറസ്റ്റിൽ. വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന കോട്ടയം സ്വദേശി ഷിഹാബിനെയാണ് മാഹി പൊലീസ് പിടികൂടിയത്. കോഴിക്കോട് നാദാപുരം കല്ലാച്ചി സ്വദേശികളായ അഭിരാമിന്റെയും ആതിരയുടെയും മകൾ മേവ അഭിരാമിന്റെ വളയാണ് മോഷണം പോയത്.
ഞായറാഴ്ച രാത്രിയാണ് അഭിരാമും കുടുംബവും പള്ളിയിലെത്തിയത്. രാത്രി ഒമ്പതരയോടെ മാതാവിന്റെ രൂപക്കൂടിനു മുന്നിൽ മെഴുകുതിരി കത്തിക്കുന്നതിനിടെ നല്ല തിരക്ക് അനുഭവപ്പെട്ടിരുന്നു. ഈ സമയത്ത് കുട്ടിയുടെ കൈയിൽ നിന്നു ആരോ വള ഊരിയെടുക്കുകയായിരുന്നു. പുറത്തേക്ക് ഇറങ്ങുമ്പോഴാണ് വള നഷ്ടപ്പെട്ട വിവരം കുട്ടി അമ്മയോട് പറയുന്നത്. കൂടെയുണ്ടായിരുന്ന ബന്ധു കുട്ടി മെഴുകുതിരി കത്തിക്കുന്നതിന്റെ ഫോട്ടോ എടുത്തിരുന്നു. ഈ ചിത്രം പരിശോധിച്ചപ്പോൾ ഒരാൾ സംശയകരമായ സാഹചര്യത്തിൽ അടുത്ത് നിൽക്കുന്നതായി വ്യക്തമായി.
തുടർന്ന് പള്ളി ജീവനക്കാരുടെ സഹായത്തോടെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ഇയാൾ വള ഊരി കടന്നുകളയുന്നത് വ്യക്തമായത്. ഉടൻ തന്നെ മാഹി പോലീസ് നടത്തിയ ഊർജിതമായ അന്വേഷണത്തിനൊടുവിൽ മാഹി റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് പ്രതിയായ ഷിഹാബിനെ പിടികൂടിയത്.
