മാഹി: മാതാപിതാക്കളോടൊപ്പം മാഹി പള്ളിയിലെത്തിയ മൂന്ന് വയസ്സുകാരിയുടെ സ്വർണവള ഊരിയെടുത്ത സംഭവത്തിൽ കോട്ടയം സ്വദേശിയായ യുവാവിനെ മാഹി പോലീസ് അറസ്റ്റ് ചെയ്തു. വാടക ക്വാർട്ടേഴ്‌സിൽ താമസിച്ചുവരുന്ന കോട്ടയം സ്വദേശി ഷിഹാബിനെയാണ് പോലീസ് പിടികൂടിയത്.
കോഴിക്കോട് നാദാപുരം കല്ലാച്ചി സ്വദേശികളായ കുറ്റ്യേന്റവിട അഭിരാം-ആതിര ദമ്പതികളുടെ മകൾ മേവ അഭിരാമിന്റെ സ്വർണവളയാണ് നഷ്ടപ്പെട്ടത്. മാഹി പള്ളിയിലെത്തി മാതാവിന്റെ രൂപക്കൂടിന് മുന്നിൽ മെഴുകുതിരി കത്തിക്കുന്നതിനിടെയായിരുന്നു സംഭവം.
രാത്രി ഒമ്പതേമുക്കാലോടെ മെഴുകുതിരി കത്തിക്കുന്ന സമയത്ത് വലിയ തിരക്ക് അനുഭവപ്പെട്ടിരുന്നു. ഇവിടെ നിന്ന് പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് ആരോ വള ഊരിയെടുത്ത വിവരം കുട്ടി അമ്മയോട് പറയുന്നത്. തുടർന്ന്, കുട്ടി മെഴുകുതിരി കത്തിക്കുന്ന സമയത്ത് കൂടെയുണ്ടായിരുന്ന ബന്ധു എടുത്ത ഫോട്ടോ പരിശോധിച്ചപ്പോൾ, ഒരാൾ സംശയകരമായ സാഹചര്യത്തിൽ കുട്ടിയുടെ അടുത്ത് നിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടു.
ഉടൻ തന്നെ പള്ളി ജീവനക്കാരുടെ സഹായത്തോടെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും ഇയാൾ വള ഊരിയെടുത്ത് കടന്നുകളയുന്നത് ദൃശ്യങ്ങളിൽ വ്യക്തമാകുകയും ചെയ്തു. തുടർന്ന് മാഹി പോലീസ് നടത്തിയ ഊർജ്ജിതമായ തിരച്ചിലിൽ മാഹി റെയിൽവേ സ്റ്റേഷനിൽ നിന്ന് ഷിഹാബിനെ പിടികൂടുകയായിരുന്നു.
