മാഹി തിരുനാളിനിടെ വയോധികയുടെ രണ്ടര പവൻ മാല കവർന്ന സ്ത്രീ പിടിയിൽ


മാഹി: മാഹി പള്ളി തിരുനാളിനെത്തിയ വയോധികയുടെ രണ്ടര പവൻ മാല കവർന്ന കേസിലെ പ്രതി പോലീസിന്റെ പിടിയിലായി. തമിഴ്നാട് കോയമ്പത്തൂർ ഉക്കടം അമ്മൻ കോവിൽ സ്വദേശിനിയും കർണാടക ബാംഗ്ലൂരിൽ സ്ഥിരതാമസക്കാരിയുമായ ജ്യോതി (ജീവ) ആണ് അറസ്റ്റിലായത്. ഇവർ വിദ്യ, മാല ജ്യോതി എന്നീ പേരുകളിലും അറിയപ്പെടുന്നുണ്ട്.

കഴിഞ്ഞ ഒക്ടോബർ 11-ന് വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം. തലശ്ശേരി സ്വദേശിനിയായ കെ. കമലയും കുടുംബവും മാഹി പള്ളിയിലെ തിരുനാളിനെത്തിയതായിരുന്നു. പള്ളിയുടെ തെക്കുഭാഗത്തുള്ള മേരി മാതാ കമ്മ്യൂണിറ്റി ഹാളിന് സമീപം മെഴുകുതിരി കത്തിക്കുന്നതിനിടയിൽ തിരക്ക് സൃഷ്ടിച്ചാണ് പ്രതി മാല കവർന്നത്. ഉത്സവപ്പറമ്പുകളിൽ മനപ്പൂർവ്വം തിക്കും തിരക്കും ഉണ്ടാക്കി മോഷണം നടത്തുന്നതാണ് ഇത്തരം സംഘങ്ങളുടെ രീതി.

കമല നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഗ്രേഡ് എസ്.ഐ. വി. വിനിതേഷ് കേസ് രജിസ്റ്റർ ചെയ്തു. തുടർന്ന് മാഹി എസ്.പി. ധനശേഖരന്റെ നിർദ്ദേശപ്രകാരം മാഹി സർക്കിൾ ഇൻസ്പെക്ടർ പി.എ. അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം നടത്തിയ തിരച്ചിലിൽ രണ്ട് ദിവസത്തിനകം പ്രതിയെ കണ്ടെത്തുകയായിരുന്നു. നിരവധി മോഷണക്കേസുകളിൽ പ്രതിയാണ് അറസ്റ്റിലായ ജീവ.

മാഹി എസ്.എച്ച്.ഒ. പ്രമോദ്, സി.ഐ.യുടെ ക്രൈം സ്ക്വാഡ് അംഗങ്ങളായ എസ്.ഐ.മാർ വി. സുരേഷ്, വി. മഹേഷ്, സുജേഷ് പി., എ.എസ്.ഐ. ശ്രീജേഷ്, ഗ്രേഡ് ഹെഡ് കോൺസ്റ്റബിൾ രോഷിത്ത് പാറമേൽ, ഹോം ഗാർഡുമാരായ ഡില്ലി, ത്രിവിൻ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

വളരെ പുതിയ വളരെ പഴയ