മാഹി: പള്ളൂരിൽ വീടിന് തീപിടിച്ചതിനെ തുടർന്ന് പോലീസിനും ഫയർഫോഴ്സിനുമൊപ്പം എംഎൽഎയും നേരിട്ടെത്തി രക്ഷാപ്രവർത്തനം നടത്തി. പള്ളൂർ പോലീസ് സ്റ്റേഷന് മുന്നിലെ ഹനീഫയുടെ 'ഹിജുമ' എന്ന വീട്ടിലാണ് ഇന്ന് രാവിലെ 11 മണിയോടെ തീപിടിത്തമുണ്ടായത്.
തീപടർന്ന വിവരമറിഞ്ഞ ഉടൻ തന്നെ ഫയർഫോഴ്സ് എത്തുന്നതിന് മുമ്പ് പള്ളൂർ പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ രാജേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിക്കുകയായിരുന്നു. തുടർന്ന് ഫയർഫോഴ്സ് സംഘവും സ്ഥലത്തെത്തി തീയണയ്ക്കാനുള്ള നടപടികൾ സ്വീകരിച്ചു.
സംഭവമറിഞ്ഞ് അഡ്വ. ടി അശോക് കുമാർ എംഎൽഎയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്തുകയും പങ്കാളിയാകുകയും ചെയ്തു. അടിയന്തര സാഹചര്യത്തിൽ സമയോചിതമായി ഇടപെട്ട പള്ളൂർ പോലീസിന്റെയും ഫയർഫോഴ്സിന്റെയും പ്രവർത്തനങ്ങൾ ഏറെ ശ്രദ്ധേയമായി. അപകടസാഹചര്യത്തിൽ മികച്ച രീതിയിൽ രക്ഷാപ്രവർത്തനം ഏകോപിപ്പിച്ച ഉദ്യോഗസ്ഥരെയും ജീവനക്കാരെയും എംഎൽഎ അഭിനന്ദിച്ചു.
