അറിവിനെ ആദരിക്കുന്ന തലമുറ വളർന്നുവരണം: നടൻ സുശീൽ കുമാർ

 


മാഹി: എല്ലാം നേടിയെടുത്തുവെന്ന് അഹങ്കരിച്ചു നടന്ന കാട്ടാളനാണ് പിന്നീട് മാനസാന്തരം വന്ന് രാമായണമെഴുതിയ വാല്മീകിയായി മാറിയതെന്നും, പെറ്റമ്മയെ തലയ്ക്കടിച്ചു കൊല്ലുന്ന വർത്തമാനകാല യുവത്വം മാനസാന്തരപ്പെടേണ്ടതുണ്ടെന്നും പ്രമുഖ ചലച്ചിത്രതാരം സുശീൽ കുമാർ തിരുവങ്ങാട് പറഞ്ഞു. ഭാരതത്തിന്റെ ആത്മാവിന് ആഖ്യാനമെഴുതിയ, സർവ്വജ്ഞപീഠം കയറിയെന്ന് അഭിമാനത്തോടെ അമ്മയോട് പറഞ്ഞ മകനോട് മാതൃത്വത്തിന്റെ സഹനത്തിന് മുന്നിൽ ഇതൊന്നുമാകില്ലെന്നാണ് അമ്മ ശങ്കരാചാര്യരെ ഓർമ്മപ്പെടുത്തിയത്.

അറിവിനെ ആദരിക്കുന്നതും ലഹരിയെ തമസ്കരിക്കുന്നതുമായ ഒരു തലമുറ വളർന്നുവരേണ്ടതുണ്ട്. വിജയികളെ ആദരിക്കുന്നതിനൊപ്പം പരാജിതനെ ഇടനെഞ്ചിൽ ചേർത്തു വെക്കാനും നമുക്കാവണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പള്ളൂർ വിനായക കലാക്ഷേത്രം 28-ാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചടങ്ങിൽ കെ. തമ്പാൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. കവി ആനന്ദ് കുമാർ പറമ്പത്ത്, ഗായകൻ എം. മുസ്തഫ എന്നിവർ സംസാരിച്ചു. തുടർന്ന് ബിന്ദു ടീച്ചറുടെ ശിഷ്യർ അവതരിപ്പിച്ച സംഗീതാർച്ചനയും വത്സൻ മാസ്റ്റർ ചിട്ടപ്പെടുത്തിയ നൃത്തനിശയും അരങ്ങേറി.

നേരത്തെ, കലാക്ഷേത്രത്തിന്റെ പ്രഥമ രക്ഷാധികാരിയും വിഖ്യാത സംഗീതജ്ഞനുമായ കെ. രാഘവൻ മാസ്റ്ററുടെ ടെമ്പിൾ ഗേറ്റിലെ വസതിയിലെത്തി സംഗീത വിദ്യാർത്ഥികൾ മാഷിന്റെ ഛായാപടത്തിൽ പുഷ്പാർച്ചനയും ഗാനാർച്ചനയും നടത്തി. രാഘവൻ മാസ്റ്റർ അനുസ്മരണ സമ്മേളനം ഗായകൻ കെ.കെ. രാജീവ് മാസ്റ്ററുടെ അധ്യക്ഷതയിൽ കലൈമാമണി ചാലക്കര പുരുഷു ഉദ്ഘാടനം ചെയ്തു. പിന്നണി ഗായകൻ എം. മുസ്തഫ, കെ.കെ. പ്രദീപ്, സുനിൽകുമാർ മൂന്നങ്ങാടി, കെ.കെ. പ്രവീൺ കുമാർ, ടി. നിഖില, ടി. സുനിത എന്നിവർ പ്രസംഗിച്ചു. രാഘവൻ മാഷിന്റെ മകൻ മുരളി സംഗീത സംഘത്തെ സ്വീകരിച്ചു. മാഷിന്റെ ജനപ്രിയ ഗാനങ്ങൾ ആലപിച്ചപ്പോൾ മുരളിയും ഗാനാലാപനത്തിൽ പങ്കാളിയായി.

നവരാത്രി സംഗീതോത്സവം ശ്രീമഹാഗണപതി ക്ഷേത്രം ഓഡിറ്റോറിയത്തിൽ ജയപ്രദീപിന്റെ അധ്യക്ഷതയിൽ ദാസൻ ഇളയ ചെട്ട്യാർ ഉദ്ഘാടനം ചെയ്തു. തുടർന്ന് സംഗീതാധ്യാപിക ബിന്ദു വത്സന്റെ നേതൃത്വത്തിൽ സംഗീതാർച്ചന നടന്നു.

ഇന്ന് രാവിലെ 9.30 ന് നടക്കുന്ന ലളിതഗാന മത്സരം ദാസൻ കാണിയുടെ അധ്യക്ഷതയിൽ ഗായകൻ കെ.കെ. രാജീവ് ഉദ്ഘാടനം ചെയ്യും. തുടർന്ന് സംഗീതജ്ഞൻ കെ.കെ. സ്വരാഗ് മാസ്റ്ററുടെ ശിഷ്യർ അവതരിപ്പിക്കുന്ന ശാസ്ത്രീയ സംഗീതവും ഉണ്ടാകും. സമാപന സമ്മേളനം സുനിൽകുമാർ മൂന്നങ്ങാടിയുടെ അധ്യക്ഷതയിൽ അഡ്വ. ടി. അശോക് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ ബഹുഭാഷാ പണ്ഡിതൻ സി. ദാമോദരൻ മാസ്റ്ററെയും ഫുട്ബോൾ താരം ശ്രീദേവ് ശ്രീജേഷിനെയും ആദരിക്കും.

വളരെ പുതിയ വളരെ പഴയ