പള്ളൂരിൽ പെട്രോൾ പമ്പുമായി ബന്ധപ്പെട്ട് പ്രതിഷേധവും വിദഗ്ദ്ധ പരിശോധനയും


പള്ളൂർ: പള്ളൂരിൽ പെട്രോൾ പമ്പുമായി ബന്ധപ്പെട്ട് ഡിവൈഎഫ്ഐ പ്രതിഷേധവും കിണറുകളിലെ ഇന്ധന ചോർച്ചയിൽ ഐഒസി വിദഗ്ദ്ധ സംഘത്തിന്റെ പരിശോധനയും നടന്നു.

പള്ളൂർ - ചാലക്കര റോഡിൽ സ്കൂളിനും വീടുകൾക്കും സമീപം നിർമ്മിക്കുന്ന പെട്രോൾ പമ്പിന്റെ പ്രവൃത്തി അനധികൃതമാണെന്ന് ആരോപിച്ച് ഡിവൈഎഫ്ഐ പള്ളൂർ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തടഞ്ഞു.

അതേസമയം, ചൊക്ലിതാഴ ഭാഗത്തെ വീട്ടു കിണറുകളിലെ വെള്ളത്തിൽ പെട്രോളിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് സമീപത്തെ പമ്പിൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐഒസി) വിദഗ്ദ്ധ സംഘം പരിശോധന ആരംഭിച്ചു. കുടിവെള്ള പരിശോധനാ റിപ്പോർട്ടിൽ പെട്രോളിന്റെ അംശം വ്യക്തമായതോടെയാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയത്.

തുടർന്ന് യുഡിഎഫ് നേതാക്കളുടെയും ബാധിക്കപ്പെട്ട പ്രദേശവാസികളുടെയും ആവശ്യപ്രകാരം പമ്പ് ഉടമകളും ഐഒസി അധികൃതരുമായി നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിലാണ് വിദഗ്ദ്ധ സംഘം പമ്പിന്റെ ഉൾഭാഗങ്ങളിൽ പരിശോധന ആരംഭിച്ചത്.

യുഡിഎഫ് നേതാക്കളായ കെ. മോഹനൻ, കെ. കെ. ബഷീർ, പി. പി. വിനോദൻ, ഇബ്രാഹിംകുട്ടി, വി. ഡി. ഷംസുദ്ദീൻ, ഇ. കെ. മുഹമ്മദ് അലി, എ. വി. യൂസഫ്, ജിതേഷ് വാഴയിൽ, ജിജേഷ് ചാമേരി, ഇഫ്ത്തിയാസ് മഞ്ചക്കൽ, സിദ്ധിഖ് എന്നിവരും ഐഒസി പ്രതിനിധി ശ്രീകാന്തും സംഘവും പമ്പ് ഉടമകളായ രമേശ് എം., രാജേഷ് മാർവ്വൽ, പ്രദേശവാസി പ്രതിനിധികളായ ലിജീഷ്, അഷ്കർ, സുഹാബ് തുടങ്ങിയവരും ചർച്ചകളിൽ പങ്കെടുത്തു.


വളരെ പുതിയ വളരെ പഴയ