ചോമ്പാലിൽ ചെറുമത്തി പിടുത്തം വ്യാപകം; നടപടിയെടുക്കാതെ ഫിഷറീസ് വകുപ്പ്


ചോമ്പാൽ: താത്കാലിക ലാഭം നോക്കി അനുവദനീയമായ അളവിൽ കുറഞ്ഞ ചെറുമത്സ്യങ്ങളെ വ്യാപകമായി പിടികൂടുന്നത് മത്സ്യമേഖലയ്ക്ക് കനത്ത തിരിച്ചടിയാകുന്നു. ചോമ്പാൽ ഹാർബറിൽ ബുധനാഴ്ച മാത്രം രണ്ടായിരത്തോളം പെട്ടി ചെറുമത്തിയാണ് വണ്ടികളിൽ കയറ്റി വളനിർമ്മാണ കമ്പനികളിലേക്ക് കൊണ്ടുപോയത്.

ചൊവ്വാഴ്ച പെട്ടിക്ക് 2500 രൂപയുണ്ടായിരുന്ന മത്തിക്ക് പിന്നീട് ആയിരം രൂപയായി വിലയിടിഞ്ഞു. ആവശ്യത്തിലധികം ചെറുമത്തി പിടിക്കുന്നതിനാൽ വിപണിയിൽ വിലയിടിയുകയും ഇടനിലക്കാർ ലാഭമുണ്ടാക്കുകയുമാണ് ചെയ്യുന്നത്. രണ്ടാഴ്ച കഴിഞ്ഞ് പിടിച്ചാൽ കോടികൾ വിലമതിക്കുന്ന മത്സ്യസമ്പത്താണ് ഇപ്പോൾ നിസ്സാര വിലയ്ക്ക് നശിപ്പിക്കപ്പെടുന്നത്.

നിയമപ്രകാരം മത്തി പിടിക്കാൻ 33 എം. എം. കണ്ണിയുള്ള വലകളാണ് ഉപയോഗിക്കേണ്ടത്. എന്നാൽ 22 എം. എം. കണ്ണിയുള്ള നെത്തൽ വലകൾ ഉപയോഗിച്ചാണ് നിലവിൽ ചെറുമത്തികളെ കൂട്ടത്തോടെ പിടികൂടുന്നത്. ഒക്ടോബർ 10-ന് ശേഷമേ മത്തി പിടിക്കാവൂ എന്ന ഫിഷറീസ് വകുപ്പിന്റെ നിർദ്ദേശം പല തുറമുഖങ്ങളിലും കാറ്റിൽപ്പറത്തുകയാണ്. ഫിഷറീസ് വകുപ്പ് പരിശോധന കർശനമാക്കി കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് ഭൂരിഭാഗം മത്സ്യത്തൊഴിലാളികളുടെയും ആവശ്യം.



വളരെ പുതിയ വളരെ പഴയ