മാഹിയിൽ മുസ്ലിം ലീഗിന് ഒരു കമ്മിറ്റി മാത്രമേയുള്ളുവെന്നും അത് കണ്ണൂർ ജില്ലാ കമ്മിറ്റിക്ക് കീഴിലാണ് പ്രവർത്തിക്കുന്നതെന്നും മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം പ്രസ്താവിച്ചു. വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയവരെയെല്ലാം പാർട്ടിയിൽ നിന്ന് പുറത്താക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മുസ്ലിം ലീഗ് നേതാക്കളായ കെ കെ മുഹമ്മദ്, എം എ മഹമ്മുദ് എന്നിവരെ അനുസ്മരിക്കാൻ മാഹി റിറ്റ്സ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച നിലയ്ക്കാത്ത സ്മരണകൾ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാഫഖി തങ്ങളുടെ ഇഷ്ടശിഷ്യനായിരുന്നു യൂത്ത് ലീഗ് സ്ഥാപകരിൽ പ്രമുഖനായ കെ കെ മുഹമ്മദെന്നും മയ്യഴിയുടെ മനസ്സിൽ ഇടം നേടിയ നേതാവായിരുന്നു എം എ മുഹമ്മദെന്നും അദ്ദേഹം സ്മരിച്ചു.
ജനാധിപത്യ ഭരണത്തിൽ ഇടപെടാൻ അവസരം ലഭിച്ചതാണ് കേരളത്തിലെ മുസ്ലിംകളെ വിവിധ മേഖലകളിൽ മുന്നേറാൻ സഹായിച്ചതെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസിനെ മാറ്റിനിർത്തി ബിജെപിയെ നേരിടാനാവില്ലെന്നും ഇരുവരെയും ഒരുപോലെ എതിർക്കണമെന്ന സിപിഎം നിലപാട് ബാലിശമാണെന്നും അത് ബിജെപിയെ സഹായിക്കാനേ ഉപകരിക്കൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കെ കെ ബഷീർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ദേശീയ കൗൺസിൽ അംഗം ടി ഇബ്രാഹിം കുട്ടി മുഖ്യപ്രഭാഷണം നടത്തി. തഫ്ളിം മാണിയാട്ട്, ഷറിൻ ചൊക്ലി, റംഷാദ് ഇരിട്ടി, പി പി വിനോദ്, എ കെ ആബൂട്ടിഹാജി, കെ ഹരീന്ദ്രൻ, എ വി യൂസഫ്, നൗഷാദ് ആലമ്പത്ത്, അബ്ദുൾ കരീം, ലത്തീഫ് ജനത, യു എ റഹിം, ഇ കെ മുഹമ്മദലി, ഖാലിദ് കണ്ടോത്ത് എന്നിവർ സംസാരിച്ചു. മുഹമ്മദ് ഇഫ്തിയാസ് സ്വാഗതവും കെ പി സിദ്ദീഖ് നന്ദിയും പറഞ്ഞു.
