അഴിയൂരിൽ യുവാവ് ആത്മഹത്യ ചെയ്ത സംഭവം ആൾക്കൂട്ട വിചാരണയും വളഞ്ഞിട്ടുള്ള മർദ്ദനവും കാരണമാണെന്ന് പരാതി. സംഭവത്തിൽ അഴിയൂർ കോറോത്ത് റോഡിലെ സുബിൻ, അഴിയൂരിലെ ഫാസിൽ, റൂബിസ് അരുൺ എന്നിവരും കണ്ടാലറിയാവുന്ന മൂന്ന് പേരും ഉൾപ്പെടെ ഏഴു പേർക്കെതിരെ പോലീസ് കേസെടുത്തു.
അഴിയൂർ മനയിൽ മുക്ക് സെഫിയാസിൽ എം. ഫാഷിർ കഴിഞ്ഞ ഞായറാഴ്ചയാണ് വീട്ടിൽ തൂങ്ങിമരിച്ചത്. താൻ ജോലി ചെയ്യുന്ന ബേക്കറിക്ക് സമീപത്ത് വെച്ച് കഴിഞ്ഞ ശനിയാഴ്ച രാത്രി ഒരു സംഘം ഫാഷിറിനെ വളഞ്ഞിട്ട് ആക്രമിച്ചതായി സഹോദരൻ ഫാഷിദ് ചോമ്പാൽ പോലീസിൽ പരാതി നൽകുകയായിരുന്നു. സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് ചോമ്പാൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.
