മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് മാഹിയിൽ കോൺഗ്രസ് പ്രതിഷേധ മാർച്ച്; ഇ. ആർ. ഒ.യുടെ വാഹനം തടഞ്ഞു


മാഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് മാഹിയിലെ തിരഞ്ഞെടുപ്പ് രജിസ്ട്രറിംഗ് ഓഫീസറുടെ (ഇ. ആർ. ഒ.) ഓഫീസിലേക്ക് കോൺഗ്രസ് പ്രതിഷേധ മാർച്ച് നടത്തി. മാഹി മുൻസിപ്പൽ മൈതാനത്ത് നിന്നും ആരംഭിച്ച മാർച്ച് മാഹി ഗവ. ഹൗസിന് മുന്നിൽ വെച്ച് പോലീസ് ബാരിക്കേഡ് ഉയർത്തി തടഞ്ഞു.

തുടർന്ന് നടന്ന പ്രതിഷേധ യോഗം കണ്ണൂർ ഡി. സി. സി. ജനറൽ സെക്രട്ടറി അഡ്വ. റഷീദ് കവ്വായി ഉദ്ഘാടനം ചെയ്തു. രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളെ കേന്ദ്ര ഭരണകൂടം പാവകളാക്കി മാറ്റുകയാണെന്നും ജനാധിപത്യം തകർക്കാൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഒത്താശ ചെയ്യുകയാണെന്നും അദ്ദേഹം ആരോപിച്ചു.

പ്രതിഷേധ യോഗം നടക്കുന്നതിനിടെ ഓഫീസിലേക്ക് പോവുകയായിരുന്ന തിരഞ്ഞെടുപ്പ് രജിസ്ട്രറിംഗ് ഓഫീസർ അങ്കിത് കുമാർ ഐ. എ. എസിന്റെ കാർ പ്രവർത്തകർ വഴിയിൽ തടയുകയും തിരിച്ചയക്കുകയും ചെയ്തു. കെ. മോഹനൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ രമേശ് പറമ്പത്ത്, പി. പി. വിനോദ്, സത്യൻ കേളോത്ത്, കെ. ഹരീന്ദ്രൻ, ശോഭ പി. ടി. സി., പി. പി. ആശാലത തുടങ്ങിയവർ സംസാരിച്ചു. രജിലേഷ് കെ. പി., അലി അക്ബർ ഹാഷിം, ശ്രീജേഷ് എം. കെ., ശ്യാംജിത്ത് പി., അജയൻ പി., മുഹമ്മദ് സർഫാസ് എന്നിവർ മാർച്ചിന് നേതൃത്വം നൽകി.



വളരെ പുതിയ വളരെ പഴയ