മയ്യഴി: പെട്രോൾ പമ്പുകളിൽ നിന്നുള്ള മാലിന്യ ചോർച്ച കാരണം പള്ളൂർ കുഞ്ഞിപ്പുരമുക്ക് പ്രദേശത്തെ കൂടുതൽ കിണറുകൾ ഉപയോഗശൂന്യമാകുന്നു. നിലവിൽ പത്തോളം കിണറുകളിലെ വെള്ളം പൂർണമായും മലിനമായിക്കഴിഞ്ഞു. തലശേരി-മാഹി ബൈപാസിനോട് ചേർന്ന പ്രദേശത്തെ ജനങ്ങൾ വലിയ കുടിവെള്ള ക്ഷാമവും ആരോഗ്യ ആശങ്കയുമാണ് നേരിടുന്നത്. കിണർ വെള്ളം ഉപയോഗിക്കാൻ പറ്റാതായതോടെ പള്ളൂർ ശ്രീനാരായണ സ്കൂളിനടുത്ത ഉസ്മാൻ മൻസിലിൽ കെ.പി. നദീറയും കുടുംബവും താൽകാലികമായി വീടുമാറി.
ബൈപാസ് സർവീസ് റോഡിലെ ബിപിസിഎൽ പെട്രോൾ പമ്പിന് അടുത്തുള്ള സലാമിന്റെ വീട്ടിലെ കിണറിലാണ് ആദ്യം പെട്രോളിന്റെ അംശം കണ്ടത്. എട്ട് മാസം മുമ്പ് തന്നെ റീജണൽ അഡ്മിനിസ്ട്രേറ്റർ, നഗരസഭാ കമീഷണർ, എംഎൽഎ എന്നിവർക്ക് പരാതി നൽകിയെങ്കിലും കാര്യക്ഷമമായ നടപടിയുണ്ടായില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. ഇപ്പോൾ ഈ വീട്ടിൽ നിന്ന് 50 വാരയോളം അകലെയുള്ള കിണറുകളിലെ വെള്ളത്തിനും രുചിവ്യത്യാസവും ദുർഗന്ധവും അനുഭവപ്പെട്ടു തുടങ്ങിയിട്ടുണ്ട്. കൂടാതെ മാഹി അതിർത്തിയിലെ മീത്തലെ ചൊക്ലി പമ്പിൽ നിന്നും സമാനരീതിയിൽ ഇന്ധന ചോർച്ചയുണ്ടാകുന്നതായി പരാതിയുണ്ട്.
വർഷങ്ങളായി കിണർ വെള്ളത്തെ മാത്രം ആശ്രയിച്ചു കഴിയുന്ന പ്രദേശവാസികൾക്കായി അധികൃതരോ പെട്രോൾ പമ്പ് ഉടമകളോ ബദൽ സംവിധാനം ഒരുക്കാത്തതിൽ ജനങ്ങൾ പ്രതിഷേധത്തിലാണ്. പ്രശ്ന പരിഹാരത്തിനായി പുതുച്ചേരി മലിനീകരണ നിയന്ത്രണ ബോർഡ്, മാഹി ആരോഗ്യവകുപ്പ് ഡപ്യൂട്ടി ഡയറക്ടർ, മനുഷ്യാവകാശ കമീഷൻ എന്നിവർക്ക് ജനകീയ ആക്ഷൻ കമ്മിറ്റി പരാതി നൽകിയിട്ടുണ്ട്. ദുരന്തനിവാരണ സമിതിയും മലിനീകരണ നിയന്ത്രണ ബോർഡും അടിയന്തരമായി ഇടപെട്ട് ശുദ്ധജല ലഭ്യത ഉറപ്പാക്കണമെന്നും ഭൂഗർഭ ജലസ്രോതസ് സംരക്ഷിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
