പെരിങ്ങാടി പോസ്റ്റ് ഓഫീസ് ഒളവിലം റോഡിൽ പോസ്റ്റ് ഓഫീസ് മുതൽ കല്ലിലാണ്ടി ജുമാ മസ്ജിദ് വരെയുള്ള ഭാഗത്ത് റോഡിന്റെ ശോചനീയാവസ്ഥ രൂക്ഷമാകുന്നു. ഈ പൊതുമരാമത്ത് പാതയിലെ കുഴികളും വശങ്ങളിലെ തകർച്ചയും വാഹന യാത്രക്കാർക്കും കാൽനടക്കാർക്കും ഒരുപോലെ ഭീഷണിയായി മാറിയിരിക്കുകയാണ്.
രണ്ട് വർഷം മുമ്പ് ജലജീവൻ മിഷൻ പദ്ധതിക്കായി പൈപ്പ് ഇടുന്നതിന് റോഡിന്റെ വശങ്ങളിലെ കോൺക്രീറ്റ് പൊളിച്ചിരുന്നു. തുടർന്ന് കോൺക്രീറ്റ് ചെയ്യുന്നതിനായി രണ്ടാഴ്ച മുമ്പ് വീണ്ടും എടുത്ത കുഴികളാണ് നിലവിൽ വലിയ അപകടക്കെണിയായി മാറിയിരിക്കുന്നത്. റോഡിന്റെ വശങ്ങളിൽ ആവശ്യത്തിന് സ്ഥലമില്ലാത്തതിനാൽ വലിയ വാഹനങ്ങൾ എത്തുമ്പോൾ കാൽനട യാത്രക്കാർക്ക് മാറിനിൽക്കാൻ പോലും സാധിക്കുന്നില്ല. സമീപത്തെ വീടുകളിലേക്ക് വാഹനങ്ങൾ കയറ്റാൻ കഴിയാത്ത അവസ്ഥയുമുണ്ട്.
മഴ സമയത്ത് വെള്ളവും ചെളിയും നിറയുന്ന ഈ കുഴികളിൽ ഇരുചക്ര വാഹനങ്ങൾ തെന്നിവീണ് അപകടങ്ങൾ പതിവാണ്. വലിയ വാഹനങ്ങൾ വരുമ്പോൾ ഗതാഗതക്കുരുക്കും ഉണ്ടാകുന്നു. ജനങ്ങളുടെ ദുരിതം കണക്കിലെടുത്ത് റോഡിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ഉടൻ പൂർത്തിയാക്കാൻ അധികൃതർ തയ്യാറാകണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.
