മാഹി: ദേശീയ സന്നദ്ധ രക്തദാന ദിനമായ ഒക്ടോബർ 1-ന് മാഹി കോ-ഓപറേറ്റീവ് കോളേജ് ഓഫ് ഹയർ എജുക്കേഷൻ & ടെക്നോളജിയുടെ നേതൃത്വത്തിൽ മെഗാ സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. കോളേജ് ഓഡിറ്റോറിയത്തിൽ രാവിലെ 9.30-ന് ആരംഭിക്കുന്ന ക്യാമ്പ് പുതുച്ചേരി മുൻ ആഭ്യന്തര, ആരോഗ്യ വകുപ്പ് മന്ത്രി ഇ. വത്സരാജ് ഉദ്ഘാടനം ചെയ്യും. ബ്ലഡ് ഡോണേഴ്സ് കേരള, പള്ളൂർ പ്രിയദർശിനി യുവ കേന്ദ്ര എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി നടക്കുന്നത്.
ഇരുപതോളം ആശുപത്രികളിലേക്ക് സുരക്ഷിതമായി രക്തം എത്തിക്കുന്ന എം വി ആർ കാൻസർ സെന്ററിന്റെ ബ്ലഡ് സെന്ററിലേക്കാണ് ഇവിടെ ശേഖരിക്കുന്ന രക്തം നൽകുന്നത്. കണ്ണൂർ ജില്ലയിൽ ഒരു ബ്ലഡ് സെന്റർ നടത്തുന്ന ഏറ്റവും വലിയ ക്യാമ്പാക്കി ഇതിനെ മാറ്റി കൂടുതൽ രോഗികൾക്ക് സഹായമെത്തിക്കുകയാണ് ലക്ഷ്യമെന്ന് ക്യാമ്പ് കോർഡിനേറ്റർമാരായ പ്രഫസർ ഷഹീലും പി. പി. റിയാസ് മാഹിയും അറിയിച്ചു. രക്തദാനത്തിന് താല്പര്യമുള്ള എല്ലാവരെയും സംഘാടകർ പള്ളൂരിലെ കോളേജ് ക്യാമ്പസിലേക്ക് സ്വാഗതം ചെയ്തു.
