സർഗ്ഗാത്മകമായി ചരിത്രത്തെ വീക്ഷിച്ചയാളായിരുന്നു സി.എച്ച്. ഗംഗാധരൻ: എം. മുകുന്ദൻ

 


മാഹി: അക്കാദമിക് പിൻബലവും നീതിശാസ്ത്രവും വേണമെന്ന കാഴ്ചപ്പാട് തിരുത്തി, സർഗ്ഗാത്മകമായാണ് സി.എച്ച്. ഗംഗാധരൻ ചരിത്രത്തെ വീക്ഷിച്ചതെന്ന് പ്രശസ്ത സാഹിത്യകാരൻ എം. മുകുന്ദൻ പറഞ്ഞു. ചരിത്രകാരന്മാർ കാണാത്ത വഴികളിലൂടെ സഞ്ചരിച്ചാണ് അദ്ദേഹം മയ്യഴിയുടെ ചരിത്രകാരനായത്. മാഹി പ്രസ് ക്ലബ്ബും മഹാത്മാഗാന്ധി ഗവ. ആർട്സ് കോളജും സംയുക്തമായി സംഘടിപ്പിച്ച സി.എച്ച്. ഗംഗാധരൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. താൻ സ്നേഹിച്ചതിനേക്കാൾ മയ്യഴിയെ സ്നേഹിച്ചത് ഗംഗാധരനായിരുന്നുവെന്നും ചരിത്രകാരനാകാൻ വേണ്ടി എഴുത്തിനെ ബലി കൊടുത്ത ആളായിരുന്നു അദ്ദേഹമെന്നും എം. മുകുന്ദൻ അനുസ്മരിച്ചു.

ചടങ്ങിൽ അഡ്വ. പി.കെ. രവീന്ദ്രന്റെ 'പ്രസംഗം ഒരു കല' എന്ന പുസ്തകത്തിന്റെ പ്രകാശനം മുൻ ആഭ്യന്തര മന്ത്രി ഇ. വത്സരാജ് നിർവ്വഹിച്ചു. കോളേജ് പ്രിൻസിപ്പാൾ ഡോ. കെ.കെ. ശിവദാസൻ അധ്യക്ഷത വഹിച്ചു. മുതിർന്ന മാധ്യമപ്രവർത്തകൻ ചാലക്കര പുരുഷു ആമുഖ ഭാഷണം നടത്തി. ഡോ. കെ.കെ. ബാബുരാജ്, അഡ്വ. പി.കെ. രവീന്ദ്രൻ, പ്രസ് ക്ലബ്ബ് പ്രസിഡന്റ് കെ.വി. ഹരീന്ദ്രൻ, സെക്രട്ടറി പി.കെ. സജീവൻ എന്നിവർ സംസാരിച്ചു.


വളരെ പുതിയ വളരെ പഴയ