മാഹി ബസിലിക്ക തിരുനാൾ മഹോത്സവം ഒക്ടോബർ 5 ന് തുടങ്ങും: പ്രധാന തിരുനാൾ ദിനങ്ങൾ 14, 15 തിയ്യതികളിൽ


മാഹി: മലബാറിലെ പ്രമുഖ തീർഥാടന കേന്ദ്രമായ മാഹി സെൻ്റ് തെരേസാ ബസിലിക്ക ദേവാലയത്തിൽ വിശുദ്ധ അമ്മ ത്രേസ്യ പുണ്യവതിയുടെ തിരുനാൾ മഹോത്സവം ഒക്ടോബർ 5 മുതൽ 22 വരെ സാഘോഷമായി നടക്കും. 5 ന് രാവിലെ 11.30 ന് മാഹി ബസിലിക്ക ഇടവക വികാരിയുടെ മുഖ്യ കാർമികത്വത്തിൽ കൊടിയേറ്റത്തിനു ശേഷം 12 മണിക്ക് അൾത്താരയിലെ രഹസ്യ അറയിൽ സൂക്ഷിച്ചിരിക്കുന്ന വിശുദ്ധ അമ്മ ത്രേസ്യപുണ്യവതിയുടെ തിരുസ്വരൂപം പൊതു വണക്കത്തിനായി പ്രതിഷ്ഠിക്കുന്നതോടെ തിരുനാൾ മഹോത്സവത്തിന് തുടക്കമാവും. തിരുനാളിൻ്റെ പ്രധാന ദിനങ്ങളായ 14 ന് നഗര പ്രദക്ഷിണവും 15 ന് ശയന പ്രദക്ഷിണവും ഉണ്ടാവും.

തിരുനാൾ ദിനങ്ങളിൽ എല്ലാ ദിവസവും വൈകിട്ട് 6 മണിക്ക് സാഘോഷ ദിവ്യ ബലിയും നൊവേനയും പ്രദക്ഷണവും ഉണ്ടായിരിക്കുമെന്നും 18 ദിനരാത്രങ്ങൾ നീണ്ടു നിൽക്കുന്ന തിരുനാൾ ആഘോഷം 22 ന് സമാപിക്കുമെന്നും റെക്ടർ ഫാ. സെബാസ്റ്റ്യൻ കാരക്കാട്ട് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ഒക്ടോബർ 8 ന് വൈകിട്ട് 6 മണിക്ക് തലശ്ശേരി അതിരൂപത മെത്രപൊലീത്ത മാർ ജോസഫ് പാംപ്ലാനിയും 11 ന് കണ്ണൂർ രൂപത മെത്രാൻ മോസ്റ്റ്. റവ. ഡോ. അലക്സ് വടക്കുംതലയും തിരുനാൾ ജാഗരമായ 14 ന് കോഴിക്കോട് അതിരൂപത വികാരി ജനറൽ റവ. മോൺ. ജെൻസൺ പുത്തൻവീട്ടിലും സാഘോഷ ദിവ്യബലി അർപ്പിക്കും. അന്ന് വൈകുന്നേരം 7 മണിക്ക് നഗര പ്രദക്ഷിണവും ഉണ്ടാവും.

തിരുനാൾ ദിനമായ 15 ന് പുലർച്ചെ 1 മണി മുതൽ 6 മണി വരെ ശയന പ്രദക്ഷിണവും ഉണ്ടായിരിക്കും. രാവിലെ 10.30 ന് കോഴിക്കോട് അതിരൂപതാ മെത്രാപ്പോലിത്ത മോസ്റ്റ് റവ. ഡോ. വർഗ്ഗീസ് ചക്കാലക്കലിൻ്റെ കാർമികത്വത്തിൽ സാഘോഷ തിരുനാൾ ദിവ്യബലി അർപ്പിക്കും. വൈകുന്നേരം 5 മണിക്ക് മേരി മാതാ കമ്മ്യൂണിറ്റി ഹാളിൽ സ്നേഹ സംഗമം നടക്കും.

17 ന് കണ്ണുർ രൂപതാ സഹായ മെത്രാൻ മോസ്റ്റ് റവ. ഡോ. ഡെന്നിസ് കുറുപ്പശ്ശേരിയും 18 ന് വിജയപുരം രൂപതാ സഹായ മെത്രാൻ മോസ്റ്റ്. റവ. ഡോ. ജസ്റ്റിൻ മഠത്തിപ്പറമ്പിലും ദിവ്യബലി അർപ്പിക്കും. 21 ന് മാനന്തവാടി രൂപത സഹായ മെത്രാൻ മാർ അലക്സ് താരാമംഗലത്തിന്റെ കാർമികത്വത്തിൽ സീറോ മലബാർ റീത്തിൽ സാഘോഷ ദിവ്യബലി അർപ്പിക്കും.

തിരുനാൾ സമാപന ദിനമായ 22 ന് രാവിലെ 10 മണിക്ക് റവ. ഫാ. വില്യം രാജന്റെ കാർമികത്വത്തിൽ സാഘോഷ ദിവ്യബലി അർപ്പിക്കും. ഉച്ചകഴിഞ്ഞ് തിരുസ്വരുപം അൾത്താരയിലേക്ക് മാറ്റുന്നതോടെ തിരുനാൾ മഹോത്സവത്തിന് സമാപനമാവും. വാർത്താ സമ്മേളനത്തിൽ സഹവികാരി ഫാ. ബിനോയ് എബ്രഹാം, പാരിഷ് പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി പോൾ ഷിബു, ജോ. സെക്രട്ടറി മോനിഷ അനൂപ്, മീഡിയ കൺവീനർ ജോസ് ബേസിൽ ഡിക്രൂസ്, ജോ. കൺവീനർ ഷാജു കാനത്തിൽ എന്നിവർ പങ്കെടുത്തു.


 

വളരെ പുതിയ വളരെ പഴയ