മാഹി സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു


മാഹി: യുവതലമുറയ്ക്കിടയിൽ വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ ബോധവൽക്കരണം ലക്ഷ്യമിട്ട് മാഹി സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ക്ലബ് ഹാളിൽ നടന്ന പരിപാടി ക്ലബ് വൈസ് പ്രസിഡന്റും തലശ്ശേരി നഗരസഭ ഹെൽത്ത് ഇൻസ്‌പെക്ടറുമായ അനിൽ വിലങ്ങിൽ ഉദ്ഘാടനം ചെയ്തു.

പ്രശസ്ത മൈൻഡ് റീഡറും വേൾഡ് റെക്കോർഡ് ഹോൾഡറുമായ സുരഭിരാജ് ടി. പി. ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി. ലഹരി പദാർത്ഥങ്ങളുടെ ഉപയോഗം വ്യക്തിജീവിതത്തിലും കുടുംബത്തിലും സമൂഹത്തിലും ഉണ്ടാക്കുന്ന ദൂഷ്യഫലങ്ങളെക്കുറിച്ചും, വിദ്യാർത്ഥികളും യുവാക്കളും ലഹരിയുടെ കെണിയിൽ പെടാതിരിക്കാൻ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ചടങ്ങിൽ ശ്രീകുമാർ ബാനു, സുരഭിരാജിന് ക്ലബ്ബിന്റെ സ്നേഹോപഹാരം കൈമാറി.

ക്ലബ് പ്രസിഡന്റ് നികിലേഷ് കെ. സി. അധ്യക്ഷത വഹിച്ച ചടങ്ങിൽ ക്ലബ് സെക്രട്ടറി ജയരാജൻ അടിയേരി സ്വാഗതവും വിനയൻ പുത്തലം നന്ദിയും പറഞ്ഞു. നിരവധി ആളുകൾ ബോധവൽക്കരണ പരിപാടിയിൽ പങ്കെടുത്തു.



വളരെ പുതിയ വളരെ പഴയ