മാഹി: ബ്ലഡ് ഡോണേഴ്സ് കേരളയുടെ (BDK) സഹകരണത്തോടെ മലബാർ കാൻസർ സെന്ററിലേക്ക് (MCC) ഹ്യൂമൻ ചാരിറ്റി & കൾച്ചർ സെന്ററിന്റെ പതിനൊന്നാമത് സന്നദ്ധ രക്തദാന ക്യാമ്പ് മാഹിയിൽ നടന്നു. ലുബ്‌ന സമീറിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഹ്യൂമൻ പ്രസിഡന്റ് സമീർ (എമ്മി) ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
വിദൂര സ്ഥലങ്ങളിൽ നിന്നും മലബാർ കാൻസർ സെന്ററിലേക്ക് ചികിത്സയ്ക്കായി എത്തുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും കൃത്യസമയത്ത് രക്തം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് തുടർച്ചയായി രക്തദാന ക്യാമ്പുകൾ സംഘടിപ്പിക്കുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. ഒരു സന്നദ്ധ സംഘടന തുടർച്ചയായി 11 രക്തദാന ക്യാമ്പുകൾ പൂർത്തിയാക്കുന്നത് കണ്ണൂർ ജില്ലയിൽ തന്നെ ആദ്യമായാണെന്ന് ബ്ലഡ് ഡോണേഴ്സ് കേരള ഭാരവാഹികൾ വ്യക്തമാക്കി.
ചടങ്ങിൽ എം. സി. സി. ബ്ലഡ് സെന്റർ ഇൻ-ചാർജ് ഡോ. മോഹൻ ദോസ് മുരുകേഷൻ, ബി. ഡി. കെ. സംസ്ഥാന എക്സിക്യൂട്ടീവ് സമീർ പെരിങ്ങാടി, ജില്ലാ പ്രസിഡന്റ് പി. പി. റിയാസ് മാഹി, കെ. ഇ. പർപീസ്, വിനീഷ് വിജയൻ എന്നിവർ സംസാരിച്ചു. അരുൺ, സുമാദേവി, ഷിഹാബ്, സനൂബ് അഷ്റഫ്, അഷ്ഫാദ്, റബീന താലിഷ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. എം. സി. സി. സീനിയർ സ്റ്റാഫ് സജീഷ് വി. എം. ൽ നിന്നും ഹ്യൂമൻ പ്രസിഡന്റ് സമീർ ക്യാമ്പ് സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. സ്ത്രീകളും വിദ്യാർത്ഥികളും ഉൾപ്പെടെ അമ്പതോളം പേർ രജിസ്റ്റർ ചെയ്ത ക്യാമ്പിൽ 32 പേർ രക്തദാനം ചെയ്തു.
