മാഹിയിൽ പൈപ്പ് പൊട്ടി ശുദ്ധജലം വൻതോതിൽ പാഴാവുന്നു; പ്രതിഷേധവുമായി പ്രദേശവാസികൾ


മാഹി: പന്തക്കൽ കുന്നുമ്മൽപ്പാലത്തോട് ചേർന്ന് പോകുന്ന ശുദ്ധജല വിതരണ പൈപ്പ് തകർന്ന് വൻതോതിൽ കുടിവെള്ളം പാഴാകുന്നു. മാഹി പൊതുമരാമത്ത് വകുപ്പ് ജലവിഭാഗം സ്ഥാപിച്ച പൈപ്പാണ് പൊട്ടി വെള്ളം പുറത്തേക്ക് ഒഴുകുന്നത്.

പാലത്തോട് ചേർന്നുള്ള നടപ്പാതയിലെ പൈപ്പ് തകർന്നിട്ട് മാസങ്ങളായെങ്കിലും ശാശ്വത പരിഹാരം കാണാൻ അധികൃതർ തയ്യാറായിട്ടില്ല. മുൻപ് വാട്ടർ അതോറിറ്റി ജീവനക്കാരെത്തി സൈക്കിൾ ട്യൂബ് വരിഞ്ഞുകെട്ടി താൽക്കാലിക അറ്റകുറ്റപ്പണികൾ നടത്തിയെങ്കിലും ഇപ്പോഴും ജലം കുത്തിയൊഴുകുകയാണ്.

പൈപ്പിലെ ചോർച്ച കാരണം സമീപത്തെ വീടുകളിൽ കുടിവെള്ള ലഭ്യത കുറയുന്നതായും പരാതിയുണ്ട്. അഞ്ചരക്കണ്ടി പുഴയിൽ നിന്ന് ശുചീകരിച്ച് കേരള വാട്ടർ അതോറിറ്റിയാണ് മാഹിയിലേക്ക് കുടിവെള്ളം എത്തിക്കുന്നത്. പൈപ്പിലെ ചോർച്ച പരിഹരിച്ച് ശുദ്ധജല വിതരണം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രാദേശിക കുടുംബക്കൂട്ടായ്മ ബന്ധപ്പെട്ട അധികൃതർക്ക് പരാതി നൽകി.



വളരെ പുതിയ വളരെ പഴയ