തെരുവീഥികളെ അമ്പാടിയാക്കി മാഹിയിൽ വർണാഭമായ മഹാശോഭായാത്ര


മാഹി: ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ ആയിരക്കണക്കിന് ആളുകളുടെ പങ്കാളിത്തത്തോടെ മാഹിയിൽ ശ്രീകൃഷ്ണ ജയന്തി മഹാശോഭായാത്ര നടന്നു. ബാലഗോകുലം മാഹി മണ്ഡലം സമിതിയുടെ നേതൃത്വത്തിൽ പരിമഠത്തുനിന്ന് ആരംഭിച്ച ശോഭായാത്ര കാണാൻ പതിനായിരങ്ങളാണ് വീഥികളിൽ അണിനിരന്നത്.

പരിമഠത്ത് നടന്ന ചടങ്ങിൽ എഴിമല നാവിക അക്കാദമി പ്രൊഫസർ രതീഷ് വി.വി പതാക കൈമാറി ശോഭായാത്ര ഉദ്ഘാടനം ചെയ്തു. വിജയൻ പൂവച്ചേരി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. അഡ്വ. അശോകൻ നെല്ലിയൊട്ടിൽ സ്വാഗതവും തീർത്ഥ ജന്മാഷ്ടമി സന്ദേശവും നൽകി.

പരിമഠത്തുനിന്ന് ആരംഭിച്ച മഹാശോഭായാത്ര മാഹി പാലം, മാഹി മെയിൻ റോഡ്, മുൻസിപ്പൽ ഓഫീസ് വഴി പാറക്കൽ അമ്പലപറമ്പിൽ സമാപിച്ചു. ചെണ്ടമേളം, പഞ്ചാരിമേളം, ഭജനസംഘങ്ങൾ, മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 14-ഓളം നിശ്ചലദൃശ്യങ്ങൾ, ഗോപികാനൃത്തം എന്നിവ ശോഭായാത്രയ്ക്ക് മിഴിവേകി. പ്രദീഷ് പരിമഠം, സുനീഷ് കെ.പി, ദിനേശൻ അങ്കവളപ്പിൽ, സത്യൻ കുനിയിൽ, കാട്ടിൽ ശശിധരൻ, ടി. സായന്ത്, സബിത്ത് എന്നിവർ ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി.



വളരെ പുതിയ വളരെ പഴയ