മാഹി: മാസങ്ങളായി ശമ്പളം മുടങ്ങിയതിലും ഔദ്യോഗിക വർക്ക് ഓർഡർ നൽകാത്തതിലും പ്രതിഷേധിച്ച് മാഹി ഇന്ദിരാഗാന്ധി പോളിടെക്നിക് കോളേജിലെ അധ്യാപകരും അനധ്യാപകരുമായ ജീവനക്കാർ ഏകദിന സമരം നടത്തി. കൃത്യമായ സേവന ഉത്തരവുകളോ സാമ്പത്തിക ആനുകൂല്യങ്ങളോ ഇല്ലാതെ ജോലി ചെയ്യേണ്ടി വരുന്ന പശ്ചാത്തലത്തിലാണ് ജീവനക്കാർ പ്രതിഷേധത്തിലേക്ക് കടന്നത്.
അർഹമായ ശമ്പള കുടിശ്ശിക ഉടൻ വിതരണം ചെയ്യുക, എട്ട് വർഷമായി മുടങ്ങിക്കിടക്കുന്ന ശമ്പള വർധനവ് നടപ്പാക്കുക, ജീവനക്കാർക്ക് അടിയന്തരമായി വർക്ക് ഓർഡർ നൽകുക തുടങ്ങിയ ആവശ്യങ്ങളാണ് സമരക്കാർ പ്രധാനമായും ഉന്നയിച്ചത്. ജീവനക്കാരുടെ സേവനസുരക്ഷയും സാമ്പത്തിക അവകാശങ്ങളും ഉറപ്പാക്കാൻ അധികൃതരുടെ ഭാഗത്തുനിന്ന് അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നും ആവശ്യപ്പെട്ടു.
വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് മാഹി എം.എൽ.എ അഡ്വ. ടി. അശോക് കുമാറിനും മാഹി അഡ്മിനിസ്ട്രേറ്റർക്കും ജീവനക്കാരുടെ പ്രതിനിധികൾ നിവേദനം സമർപ്പിച്ചു. ശമ്പള കുടിശ്ശിക അനുവദിക്കുകയും വർക്ക് ഓർഡർ നൽകുകയും ചെയ്തില്ലെങ്കിൽ വരും ദിവസങ്ങളിൽ സമരം കൂടുതൽ ശക്തമാക്കാനാണ് ജീവനക്കാരുടെ തീരുമാനം.
