മാഹി: എഴുത്തുകാരനാകാൻ സർഗാത്മകത മാത്രം പോരെന്നും അതികഠിനമായ അധ്വാനം കൂടി ഉണ്ടെങ്കിലേ ലക്ഷ്യത്തിലെത്താൻ കഴിയൂ എന്നും പ്രശസ്ത സാഹിത്യകാരൻ എം. മുകുന്ദൻ. ശതാഭിഷിക്തനായ അദ്ദേഹത്തിന് 84-ാം ജന്മദിനത്തോടനുബന്ധിച്ച് മയ്യഴി പൗരാവലി നൽകിയ ആദരവ് ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചെറിയ എഴുത്തുകാരനായി കഴിയാൻ ജന്മനാട് അനുവദിച്ചില്ലെന്നും, എഴുത്തിൽ ചെറിയ നേട്ടങ്ങൾ കൈവരിക്കുമ്പോൾ പോലും മയ്യഴയിലെ ജനങ്ങൾ നൽകുന്ന അനുമോദനങ്ങൾ വലിയ പ്രോത്സാഹനമാണെന്നും അദ്ദേഹം പറഞ്ഞു. പ്രായം കൂടുന്നതിൽ സന്തോഷമേയുള്ളൂവെന്നും എഴുത്തിനോടുള്ള അഭിനിവേശം അവസാനിക്കില്ലെന്നും മുകുന്ദൻ വ്യക്തമാക്കി.
ടാഗോർ പാർക്കിൽ നടന്ന ചടങ്ങിൽ ഭാര്യ ശ്രീജയോടൊപ്പം എത്തിയ എം. മുകുന്ദൻ ജന്മദിന കേക്ക് മുറിച്ചു. മാഹി റീജിയണൽ അഡ്മിനിസ്ട്രേറ്റർ അങ്കിത് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങ് അഡ്വ. അശോക് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മുൻ ആഭ്യന്തര മന്ത്രി ഇ. വത്സരാജ്, മുൻ എം.എൽ.എ രമേശ് പറമ്പത്ത്, ഫോട്ടോഗ്രാഫർ അസീസ് മാഹി, ദിനേശൻ അങ്കവളപ്പിൽ, വടക്കൻ ജനാർദ്ദനൻ, കെ. മോഹനൻ, മുൻ ഡെപ്യൂട്ടി സ്പീക്കർ പി. കെ. സത്യാനന്ദൻ, ശ്രീകുമാർ ഭാനു എന്നിവർ ആശംസകൾ നേർന്നു.

