ചൊക്ലി: കനത്ത മഴയിൽ റോഡരികിലെ പറമ്പിന്റെ താഴ്ഭാഗം ഇടിഞ്ഞു വീണതിനെ തുടർന്ന് ഒളവിലത്ത് അപകട ഭീഷണി രൂക്ഷമാകുന്നു. പെരിങ്ങാടി - പള്ളിക്കുനി പൊതുമരാമത്ത് റോഡിൽ ചേരുന്ന രാമുണ്ണി മൊട്ട - അരയാക്കൂൽമുക്ക് റോഡിലെ ഒളവിലം ചെങ്ങര പറമ്പിലാണ് മഴയിൽ ശക്തമായ മണ്ണിടിച്ചിൽ ഉണ്ടായത്.
ഉയർന്നു നിൽക്കുന്ന പറമ്പിന്റെ ബാക്കി ഭാഗവും ഏതു സമയവും താഴേക്ക് പതിക്കാവുന്ന അവസ്ഥയിലാണ്. സ്‌കൂൾ വിദ്യാർത്ഥികളും പ്രദേശവാസികളും ഉൾപ്പെടെ നിരവധി പേർ ദിനംപ്രതി യാത്ര ചെയ്യുന്ന വഴിയാണിത്. അതിനാൽ വലിയൊരു ദുരന്തത്തിന് വഴിവെക്കാതെ അടിയന്തര നടപടി വേണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ രംഗത്തെത്തിയിരുന്നു.
വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ചൊക്ലി പഞ്ചായത്ത് പ്രസിഡന്റ് എൻ. അനൂപ്, വൈസ് പ്രസിഡന്റ് സ്വപ്ന, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. ടി. കെ. പ്രദീപൻ, വാർഡ് മെമ്പർ പുരുഷു വരക്കൂൽ എന്നിവർ സ്ഥലം നേരിട്ട് സന്ദർശിച്ചു. സ്ഥലം ഉടമയുമായി സംസാരിച്ച ജനപ്രതിനിധികൾ സുരക്ഷാ നടപടികൾ ഉടനടി സ്വീകരിക്കേണ്ടതിന്റെ ആവശ്യകത ധരിപ്പിച്ചു.
കൂടാതെ ഒളവിലം പാത്തിക്കൽ, കോട്ടാലെ ചെരുവിൽ, സേതു പാത്തി പരിസരങ്ങളിലും സന്ദർശനം നടത്തിയ സംഘം വെള്ളക്കെട്ട് നീക്കം ചെയ്യുന്നതിനുള്ള അടിയന്തര നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. പ്രശ്നത്തിന് ഉടനടി പരിഹാരം ഉണ്ടാകുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഉറപ്പുനൽകി.
