മാഹി: സുപ്രീം കോടതിയുടെ ഇടക്കാലവിധിയെത്തുടർന്ന് മാഹിയിൽ ദേശീയപാതയുടെ മധ്യഭാഗത്തുനിന്ന് 75 മീറ്ററിൽ വ്യാപാരസ്ഥാപനങ്ങളും 45 മീറ്ററിൽ വീടുകളും നിർമ്മിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി. നിർദ്ദിഷ്ട പരിധി ബഫർസോണായി പ്രഖ്യാപിച്ചതിനെത്തുടർന്നാണ് നടപടി.
നിലവിലുള്ള കെട്ടിടങ്ങൾക്കും വീടുകൾക്കും ഇത് ഉടൻ ബാധകമല്ലെങ്കിലും, ഇവയുടെ പുനർനിർമ്മാണത്തിനോ വികസനപരമായ അറ്റകുറ്റപ്പണികൾക്കോ അനുമതി ലഭിക്കില്ല. സേവന റോഡിനോട് ചേർന്നുള്ള സ്ഥലങ്ങളുടെ ക്രയവിക്രയം തടസ്സപ്പെടുന്നത് പ്രദേശവാസികളെയും വ്യാപാരികളെയും വലിയ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. തടസ്സങ്ങൾ കാരണം പുതിയ പെട്രോൾ പമ്പുകൾ, ഹോട്ടലുകൾ, മറ്റ് സ്ഥാപനങ്ങൾ എന്നിവയ്ക്കുള്ള അനുമതികളും വൈകുകയാണ്.
രാജസ്ഥാനിൽ ദേശീയപാതയിലുണ്ടായ വാഹനാപകടത്തിന്റെ പശ്ചാത്തലത്തിൽ സുപ്രീം കോടതി സ്വമേധയാ എടുത്ത കേസിനെ തുടർന്നാണ് ഈ ഇടക്കാല ഉത്തരവ്. സംസ്ഥാന സർക്കാരിന്റെ അഭിപ്രായം തേടുന്നതിന് മുൻപ് തന്നെ ചീഫ് സെക്രട്ടറി ടാസ്ക് ഫോഴ്സ് രൂപീകരിക്കുകയും ടൗൺ പ്ലാനർമാർക്ക് നിർദ്ദേശം നൽകുകയുമായിരുന്നു.