മാഹി പുന്നോൽ ദേശീയപാതയിലെ പെട്ടിപ്പാലത്ത് വാഹനാപകടങ്ങൾ തുടർക്കഥയാകുന്നു; അടിയന്തര സുരക്ഷാ നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ

 


​തലശ്ശേരി: മാഹി പുന്നോൽ ദേശീയപാതയിലെ പെട്ടിപ്പാലത്ത് വാഹനാപകടങ്ങൾ പതിവാകുന്നത് ജനങ്ങളെ ഭീതിയിലാഴ്ത്തുന്നു. തലശ്ശേരി നഗരസഭയെയും ന്യൂമാഹി പഞ്ചായത്തിനെയും വേർതിരിക്കുന്ന അതിർത്തിയായ ഇവിടെ പാലത്തിന്റെയും റോഡിന്റെയും വീതിക്കുറവും സമീപത്തെ ചെറിയ വളവുമാണ് പ്രധാന അപകടകാരണമെന്നാണ് വിലയിരുത്തൽ.


കഴിഞ്ഞ ദിവസം ഇവിടെ രണ്ട് ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ എഴുപതോളം യാത്രക്കാർക്ക് പരിക്കേറ്റിരുന്നു.

​പാലത്തിന് സമീപമുള്ള കുറ്റിക്കാടുകളും സ്ഥാപിച്ചിട്ടുള്ള പരസ്യ ബോർഡുകളും കാഴ്ച മറയ്ക്കുന്ന തരത്തിൽ ബ്ലൈൻഡ് സ്പോട്ട് സൃഷ്ടിക്കുന്നതായി പ്രദേശവാസികൾ ആരോപിക്കുന്നു. ഇതോടൊപ്പം സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങളുടെ അമിതവേഗതയും അശ്രദ്ധമായ ഡ്രൈവിങ്ങും അപകടങ്ങളുടെ തീവ്രത കൂട്ടുന്നു. മൂന്ന് മാസം മുൻപും സ്കൂൾ സമയത്ത് സമാനമായ രീതിയിൽ ഇവിടെ അപകടം നടന്നിരുന്നു.


​ബ്ലൈൻഡ് സ്പോട്ടിലെ ബോർഡുകളും കുറ്റിക്കാടുകളും അടിയന്തരമായി നീക്കം ചെയ്താലേ റോഡിൽ വ്യക്തമായ കാഴ്ച ലഭിക്കുകയുള്ളൂ എന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. തുടർച്ചയായി അപകടങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിൽ ഇവിടെ പോലീസിന്റെ സാന്നിധ്യം ഉറപ്പാക്കണമെന്നും അടിയന്തര സുരക്ഷാ ക്രമീകരണങ്ങൾ നടപ്പിലാക്കണമെന്നുമാണ് പ്രദേശവാസികളുടെ ശക്തമായ ആവശ്യം.

​ 

വളരെ പുതിയ വളരെ പഴയ