മാഹി: ചാലക്കര സെന്റ് തെരേസാസ് ഹയർസെക്കൻഡറി സ്‌കൂളിന് സമീപം പുലർച്ചെ ഉണ്ടായ തീപിടിത്തത്തിൽ വീട് ഭാഗികമായി കത്തിനശിച്ചു. വാണിയങ്കണ്ടി കെ.ടി.കെ. ഷീനയുടെ വീടിന്റെ താഴത്തെ നിലയിലെ മുറിയിലാണ് തീപിടിച്ചത്.
മുകളിലത്തെ നിലയിൽ ഉറങ്ങുകയായിരുന്ന ഷീനയും മകനും പുക ശ്വസിച്ച് ഉണർന്നതുകൊണ്ട് മാത്രമാണ് വലിയ ദുരന്തം ഒഴിവായത്. ഇരുവരും പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. പിന്നീട് ഇവരെ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി.
അപകടത്തിൽ താഴത്തെ നിലയിലെ അലമാര, ടിവി, ഫാൻ എന്നിവയും 4000 രൂപയും പൂർണ്ണമായും കത്തിനശിച്ചു. ചിത്രകാരിയായ ഷീന വരച്ച ചില പെയിന്റിംഗുകളും ഇതിൽപെടും. തിങ്കളാഴ്ച വൈകിട്ട് വീടിനുള്ളിലെ ഫോട്ടോയ്ക്ക് താഴെ കത്തിച്ചുവെച്ച വിളക്ക് അണയ്ക്കാതിരുന്നത് അപകടത്തിന് കാരണമായെന്നാണ് പ്രാഥമിക നിഗമനം. വിളക്ക് വീണു കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്.
