വ്യാജ ബയോ ക്യാരിബാഗുകൾ വിപണിയിൽ സജീവം: വ്യാപാരികൾ കബളിപ്പിക്കപ്പെടുന്നു; ന്യൂ മാഹിയിൽ വൻ വേട്ട


മാഹി: പരിസ്ഥിതി സൗഹൃദമെന്ന വ്യാജേന വിപണിയിലിറക്കുന്ന വ്യാജ ബയോ ക്യാരിബാഗുകളുടെ ചതിക്കുഴിയിൽ വീണ് ചെറുകിട വ്യാപാരികൾ വലയുന്നു. ക്യുആർ കോഡും വ്യാജ നിർമ്മാണ രേഖകളും വിശ്വസിച്ച് കുറഞ്ഞ വിലയ്ക്ക് ബാഗുകൾ വാങ്ങുന്ന വ്യാപാരികളാണ് കബളിപ്പിക്കപ്പെടുന്നത്. വ്യാജ ബാഗുകൾ വിൽക്കുന്നവർ വലിയ തുക പിഴയടക്കം കടുത്ത നിയമനടപടികൾ നേരിടേണ്ടി വരുന്ന സാഹചര്യമാണ് നിലവിലുള്ളത്.

​ദേശീയ മലിനീകരണ നിയന്ത്രണ ബോർഡിന്റെ (CPCB) അംഗീകാരമുള്ളതും 120 ദിവസം കൊണ്ട് മണ്ണിൽ പൂർണ്ണമായും അലിഞ്ഞുചേരുന്നതുമാണ് യഥാർത്ഥ ബയോ ക്യാരിബാഗുകൾ. ഇവ പരിശോധനയ്ക്കായി 'ഡൈക്ലോറോ മീഥൈൻ' ലായനിയിൽ മുക്കിയാൽ പൂർണ്ണമായി ലയിച്ചുപോകും. ഇത്തരം ഒറിജിനൽ ബാഗുകൾക്ക് വിപണിയിൽ കിലോയ്ക്ക് 165 മുതൽ 180 രൂപ വരെ വിലയുള്ളപ്പോൾ, വ്യാജന്മാർ 90 മുതൽ 100 രൂപ നിരക്കിലാണ് മൊത്ത വിതരണക്കാർക്ക് ബാഗുകൾ എത്തിച്ചു നൽകുന്നത്. യഥാർത്ഥ കമ്പനികളുടെ ക്യുആർ കോഡുകൾ വ്യാജമായി നിർമ്മിച്ച് ബാഗുകളിൽ പതിപ്പിച്ചാണ് ഇവ വിപണിയിലെത്തിക്കുന്നത്. തദ്ദേശവകുപ്പിന്റെ ജില്ലാ സ്ക്വാഡ് നടത്തിയ പരിശോധനയിൽ 35 ഓളം ബ്രാൻഡുകളിൽ വെറും 12 എണ്ണം മാത്രമാണ് കെമിക്കൽ ടെസ്റ്റിൽ വിജയിച്ചത്.

​അതിനിടെ, ന്യൂ മാഹി പഞ്ചായത്ത് പരിധിയിൽ 'സീ സ്മാർട്ട് സ്ക്വാഡ്' നടത്തിയ മിന്നൽ പരിശോധനയിൽ അര ക്വിന്റലിലധികം വ്യാജ ബയോ ക്യാരിബാഗുകൾ പിടിച്ചെടുത്തു. പരിശോധനയ്ക്ക് നേതൃത്വം നൽകിയ സ്ക്വാഡ് എൻഫോഴ്സ്മെന്റ് ഓഫീസർ കെ.ആർ. അജയകുമാർ, പി.എസ്. പ്രവീൺ, ന്യൂ മാഹി പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ സുബീഷ് എന്നിവരടങ്ങിയ സംഘം നിയമലംഘനം നടത്തിയ കടയുടമയ്ക്ക് 10,000 രൂപ പിഴ ചുമത്തുകയും തുടർനടപടികൾക്കായി പഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകുകയും ചെയ്തു. കോട്ടയം ജില്ലയിലെ ഏറ്റുമാനൂരിലുള്ള 'എക്സൽ ഏജൻസി' വഴിയാണ് ഈ വ്യാജ ബാഗുകൾ ഇവിടെ എത്തിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. അംഗീകൃത ഏജൻസികളിൽ നിന്ന് മാത്രം ബാഗുകൾ വാങ്ങിയും ജില്ലാ ശുചിത്വ മിഷന്റെ പരിശോധനാ സൗകര്യം പ്രയോജനപ്പെടുത്തിയും വ്യാപാരികൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ ഓർമ്മിപ്പിച്ചു 

 

വളരെ പുതിയ വളരെ പഴയ