മാഹി: വർഷങ്ങളായി പൂട്ടിയിട്ടിരിക്കുന്ന ചെറുകല്ലായിലെ മാഹി ടിവി റിലേ സ്റ്റേഷൻ കോമ്പൗണ്ട് കാടുമൂടി നശിച്ചതോടെ പരിസരവാസികളായ കുടുംബങ്ങൾ കടുത്ത ഭീതിയിൽ. റിലേ സ്റ്റേഷൻ പരിസരം പൂർണ്ണമായും വള്ളിച്ചെടികളും കുറ്റിച്ചെടികളും വളർന്ന് വനപ്രതീതിയിലായതോടെ പെരുമ്പാമ്പ്, മൂർഖൻ തുടങ്ങിയ വിഷപ്പാമ്പുകളുടെയും കാട്ടുപന്നികളുടെയും താവളമായി മാറിയിരിക്കുകയാണ് ഈ പ്രദേശം.
റിലേ സ്റ്റേഷന്റെ സംരക്ഷണ മതിൽ മിക്ക ഭാഗങ്ങളിലും തകർന്നുവീണ നിലയിലാണ്. ഇതുവഴി വന്യമൃഗങ്ങളും വിഷജന്തുക്കളും ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നത് സമീപത്തെ ഇരുപത്തിയഞ്ചോളം കുടുംബങ്ങളുടെ, പ്രത്യേകിച്ച് കുട്ടികളുടെ ജീവന് വലിയ ഭീഷണി ഉയർത്തുന്നു. നാട്ടുകാരുടെ ഭീതി അകറ്റാൻ തകർന്ന മതിൽ അടിയന്തിരമായി പുനർനിർമ്മിക്കണമെന്നും കാടുപിടിച്ചുകിടക്കുന്ന പരിസരം വൃത്തിയാക്കാൻ അധികൃതർ തയാറാകണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം. പ്രശ്നത്തിൽ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ നേരിൽ കാണാനുള്ള ഒരുക്കത്തിലാണ് പ്രദേശവാസികളുടെ കൂട്ടായ്മ.
