മാഹി :കേന്ദ്രഭരണ പ്രദേശത്തെ സർക്കാർ സ്കൂൾ വിദ്യാർത്ഥികൾക്ക് യൂണിഫോം തുന്നുന്നതിനുള്ള അലവൻസ് വർദ്ധിപ്പിക്കാൻ സർക്കാർ നടപടികൾ സ്വീകരിച്ചു വരികയാണെന്ന് മുഖ്യമന്ത്രി എൻ. രംഗസാമി അറിയിച്ചു. നിലവിൽ എല്ലാ വിദ്യാർത്ഥികൾക്കും തയ്യൽ ചെലവിലേക്കായി യൂണിഫോം തുണിയും 300 രൂപ അലവൻസുമാണ് സർക്കാർ നൽകുന്നത്. എന്നാൽ ഈ തുക തയ്യൽ ചെലവുകൾക്ക് പര്യാപ്തമല്ലെന്ന് കാണിച്ച് വ്യാപകമായ പരാതികൾ ഉയർന്ന പശ്ചാത്തലത്തിലാണ് തുക വർദ്ധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
തമിഴ്നാട് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ കെ. കാമരാജിന്റെ ജന്മവാർഷികത്തോടനുബന്ധിച്ച് സ്കൂൾ വിദ്യാഭ്യാസ ഡയറക്ടറേറ്റ് സംഘടിപ്പിച്ച വിദ്യാർത്ഥി ദിനാഘോഷങ്ങളിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ ബുധനാഴ്ച നടന്ന വിദ്യാർത്ഥി ദിനാഘോഷ വേളയിൽ ലെഫ്റ്റനന്റ് ഗവർണർ കെ. കൈലാസനാഥൻ ഒരു കുട്ടിക്ക് അഭിനന്ദന സർട്ടിഫിക്കറ്റ് വിതരണം ചെയ്യുകയും ചെയ്തു.
