മാഹി: മാഹി–മുഴപ്പിലങ്ങാട് ദേശീയപാതയിൽ പുരോഗമിക്കുന്ന മേൽപ്പാല നിർമാണത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ ബദൽ സംവിധാനം അപര്യാപ്തമെന്ന് പരാതി. നിലവിൽ വാഹനഗതാഗതം തിരിച്ചുവിട്ടിരിക്കുന്ന പള്ളൂർ സർവീസ് റോഡിൽ ദിവസവും രൂക്ഷമായ ഗതാഗതക്കുരുക്കാണ് രൂപപ്പെടുന്നത്. ഭാരവാഹനങ്ങൾ ചരിവുള്ള സർവീസ് റോഡിലൂടെ കയറാൻ പ്രയാസപ്പെടുന്നതാണ് കുരുക്ക് വർദ്ധിപ്പിക്കുന്നത്. ഇതുമൂലം നൂറുകണക്കിന് വാഹനങ്ങളാണ് മണിക്കൂറുകളോളം ഇവിടെ കുടുങ്ങിക്കിടക്കുന്നത്.
ടോൾ ഫീസ് നൽകി ദേശീയപാത ഉപയോഗിക്കുന്ന യാത്രക്കാർക്ക് സുഗമമായ യാത്രയ്ക്ക് പകരം നീണ്ട കാത്തിരിപ്പും ദുരിതവുമാണ് ലഭിക്കുന്നതെന്ന ആക്ഷേപം ശക്തമാണ്. പ്രത്യേകിച്ച് മഴക്കാലമായതോടെ യാത്ര കൂടുതൽ ദുഷ്കരമായിട്ടുണ്ട്. ഇതിനിടെ നെല്ലിയാട്ട് ക്ഷേത്രത്തിന് സമീപം ദേശീയപാതയിലേക്ക് വാഹനങ്ങൾക്ക് കയറാനുള്ള സൗകര്യമുണ്ടായിട്ടും അത് പ്രയോജനപ്പെടുത്തുന്നില്ലെന്ന ആക്ഷേപവുമുണ്ട്. ഈ പ്രവേശന കവാടം താൽക്കാലികമായി തുറന്നുനൽകിയാൽ സർവീസ് റോഡിലെ ഗതാഗതഭാരം ഗണ്യമായി കുറയ്ക്കാനാകും.
മേൽപ്പാല നിർമാണം പുരോഗമിക്കുന്ന സാഹചര്യത്തിൽ ഭാരവാഹനങ്ങളുടെ ഗതാഗതം സമയബന്ധിതമായി ക്രമീകരിക്കുകയോ ഫലപ്രദമായ ട്രാഫിക് നിയന്ത്രണം ഏർപ്പെടുത്തുകയോ ചെയ്യാത്തതാണ് പ്രശ്നം രൂക്ഷമാക്കുന്നത്. ടോൾ ഈടാക്കുന്ന സാഹചര്യത്തിൽ യാത്രക്കാരുടെ സമയവും സുരക്ഷയും ഉറപ്പാക്കാൻ ദേശീയപാത അതോറിറ്റിയും ബന്ധപ്പെട്ട ഏജൻസികളും അടിയന്തരമായി ഇടപെട്ട് ഗതാഗത ക്രമീകരണങ്ങൾ മെച്ചപ്പെടുത്തണമെന്ന് നാട്ടുകാരും യാത്രക്കാരും ആവശ്യപ്പെട്ടു.
