മയ്യഴി: പുഴയും കടലും ചെറുകുന്നും തൊട്ടുരുമ്മി നിൽക്കുന്ന അഴിമുഖക്കാഴ്ചകളും മിത്തുകൾ ഇഴചേർന്ന ചരിത്രഗാഥകളും അനുഭവിച്ചറിഞ്ഞ് കണ്ണൂർ എസ്.എൻ കോളേജ് മലയാള വിഭാഗം അവസാന വർഷ വിദ്യാർത്ഥികൾ മയ്യഴി സന്ദർശിച്ചു. വയലളം റീഡേഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 'മയ്യഴിയെ അറിയാൻ' പരിപാടിയുടെ ഭാഗമായാണ് വിദ്യാർത്ഥികൾ പഴയ ഫ്രഞ്ച് കോളനിയുടെ ഇതിഹാസ സമാനമായ ചരിത്ര വീഥികളിലൂടെ സഞ്ചരിച്ചത്.
നൂറ്റാണ്ടുകളുടെ കോളനി ചരിത്രത്തിന്റെ ബാക്കിപത്രങ്ങളായ മൂപ്പൻ സായ്പിന്റെ ബംഗ്ലാവ്, ഫ്രഞ്ചുകാർ ഉപയോഗിച്ചിരുന്ന മൂപ്പൻ കുന്നിലെ കൊടിമരം, ലൈറ്റ് ഹൗസ്, ഫ്രഞ്ച് വിപ്ലവ സ്മാരകമായ മറിയന്ന് പ്രതിമ, തെന്നിന്ത്യയിലെ പുരാതനമായ മയ്യഴി സെന്റ് തെരേസാ ദേവാലയം, ഫ്രഞ്ച് കോട്ട എന്നിവയെല്ലാം സംഘം സന്ദർശിച്ചു.
ടാഗോർ ഉദ്യാനത്തിൽ നടന്ന ചടങ്ങിൽ മുതിർന്ന മാധ്യമ പ്രവർത്തകൻ ചാലക്കര പുരുഷു 'ഗതകാല മയ്യഴിയുടെ ചരിത്ര വഴികൾ' എന്ന വിഷയത്തിൽ ക്ലാസെടുത്തു. തുടർന്ന് മാഹി എം.എൽ.എ അഡ്വ. ടി. അശോക് കുമാറുമായി വിദ്യാർത്ഥികൾ മയ്യഴിയുടെ കാലിക വർത്തമാനങ്ങൾ പങ്കുവെക്കുകയും ചെയ്തു. എം.എൽ.എ താൻ രചിച്ച 'മയ്യഴി' എന്ന ഗ്രന്ഥം കുട്ടികൾക്ക് സമ്മാനിച്ചു. റീഡേഴ്സ് സെന്റർ സാരഥി സുരേഷ് മാസ്റ്റർ വയലളം പരിപാടി കോ-ഓർഡിനേറ്റ് ചെയ്തു. വിദ്യാർത്ഥികളായ കെ. അനശ്വര, സി. അനുഗ്രഹ, പി.കെ. ഗോപിക, പി. അക്ഷയ, എ. അഭിനന്ദ് എന്നിവർ യാത്രാനുഭവങ്ങൾ പങ്കുവെച്ചു.
