മയ്യഴി: സ്വച്ഛതയും പരിസ്ഥിതി സംരക്ഷണവും പ്രോത്സാഹിപ്പിക്കുന്ന പ്രവർത്തനങ്ങൾക്കുള്ള സ്വച്ഛ് ഏവം ഹരിത വിദ്യാലയ റേറ്റിംഗ്' കാറ്റഗറി-1 - 2025-26-ൽ ഗവ. ലോവർ പ്രൈമറി സ്കൂൾ ചെമ്പ്ര, മാഹിക്ക് ദേശീയ തലത്തിൽ രണ്ടാം റാങ്ക്.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന എസ്.എച്ച്.വി.ആർ പദ്ധതിയിൽ ശുചിത്വം, പരിസ്ഥിതി സംരക്ഷണം, ഹരിത പ്രവർത്തനങ്ങൾ, കുട്ടികളിലെ സ്വഭാവരൂപീകരണം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ചതിനാണ് ഈ അംഗീകാരം ലഭിച്ചത്.
പ്രഥമാധ്യാപിക എ.വി. സിന്ധുവിന്റെ നേതൃത്വത്തിൽ അധ്യാപകരും അനധ്യാപകരും വിദ്യാർഥികളും എസ്.എം.സി അംഗങ്ങളും രക്ഷിതാക്കളും ചേർന്ന് നടത്തിയ കൂട്ടായ പ്രവർത്തനങ്ങളാണ് ഈ നേട്ടത്തിന് പിന്നിൽ.
ശുചിത്വപരിപാലനം, മാലിന്യസംസ്കരണം, ജലസംരക്ഷണം കുട്ടികളുടെ സ്വഭാവരൂപീകരണവും ശാക്തീകരണവും ജൈവകൃഷി, വൃക്ഷത്തെ നട്ടുപിടിപ്പിക്കൽ, പ്ലാസ്റ്റിക് വിരുദ്ധ പ്രവർത്തനങ്ങൾ, കുട്ടികളുടെ ഹരിത ക്യാമ്പസ് വികസനം തുടങ്ങിയ മേഖലകളിൽ വിദ്യാലയം നടത്തിയ ഇടപെടലുകൾ ദേശീയ തലത്തിൽ ശ്രദ്ധേയമായി.
ഈ അഭിമാന നേട്ടത്തിന്റെ പശ്ചാത്തലത്തിൽ വിദ്യാലയത്തിൽ രക്ഷാകർതൃസമിതിയുടെ യോഗം നടന്നു. പൂർവ്വ വിദ്യാർഥികൾ, ജനപ്രതിനിധികൾ, രക്ഷിതാക്കൾ, പ്രദേശവാസികൾ എന്നിവർ ഈ ദേശീയ പുരസ്കാരം ലഭിച്ചതിൽ സ്കൂളിനെ അനുമോദിച്ചു.
സുസ്ഥിര വികസന പ്രവർത്തനങ്ങളിൽ ഗവ.എൽ.പി. സ്കൂൾ ചെമ്പ്ര മറ്റ് വിദ്യാലയങ്ങൾക്ക് മാതൃകയാകുമെന്ന് യോഗം അഭിപ്രായപ്പെട്ടു.
ഇന്ത്യയിലുടനീളമുള്ള സർക്കാർ, സർക്കാർ എയ്ഡഡ്, സ്വകാര്യ സ്കൂളുകളോട് മത്സരിച്ചാണ് ദേശീയ തലത്തിൽ ഈ അംഗീകാരം ഒരു സർക്കാർ വിദ്യാലയത്തിന് ലഭിക്കുന്നത്.
ശുചിത്വവും ഹരിത സംസ്കാരവും വളർത്തിയെടുക്കുന്നതിൽ മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ച വെച്ച ചെമ്പ്ര എൽ.പി സ്കൂളിന്റെ ഈ നേട്ടം അഭിമാനകരമാണെന്ന് അഡ്വ.ടി. അശോക് കുമാർ എം.എൽ.എ പറഞ്ഞു. എം.എൽ.എ. സ്കൂളിലെത്തിയാണ് അനുമോദിച്ചത്.
ഈ നേട്ടം കൈവരിക്കാൻ എല്ലാവിധ സഹകരണവും പ്രോത്സാഹനവും നൽകിയ സി.ഇ.ഒ. ഇൻചാർജ് തനൂജ, എ.ഡി.പി.സി. പി.ഷിജു എന്നിവർക്ക് പ്രഥമാധ്യാപിക എ.വി. സിന്ധു നന്ദി അറിയിച്ചു.
