മാഹി: മാഹി മേഖലയിലെ പെട്രോൾ പമ്പ് ജീവനക്കാർക്ക് 13.8 ശതമാനം (18,819 രൂപ) ബോണസ് നൽകാൻ തീരുമാനമായി. ലേബർ ഓഫീസർ ഇല്ലാത്ത സാഹചര്യത്തിൽ പമ്പുടമകളും ട്രേഡ് യൂണിയൻ നേതാക്കളും സംയുക്തമായി നടത്തിയ ചർച്ചയിലാണ് ബോണസ് കാര്യത്തിൽ ധാരണയായത്.
മാഹി ടൗൺ, മാഹി ബൈപ്പാസ് സർവീസ് റോഡ്, പള്ളൂർ, പന്തക്കൽ എന്നിവിടങ്ങളിലായി പ്രവർത്തിക്കുന്ന 27 പെട്രോൾ പമ്പുകളിലെ 700-ൽ പരം ജീവനക്കാർക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കും. ബോണസ് തുക ഉടൻ തന്നെ വിതരണം ചെയ്യും.
ചർച്ചയിൽ പമ്പുടമകളെ പ്രതിനിധീകരിച്ച് മാഹി പെട്രോൾ പമ്പ് ഡീലേഴ്സ് അസോസിയേഷൻ സെക്രട്ടറി കെ. സുജിത്ത്, സജിത്ത് നാരായണൻ, എം.കെ. മജീദ്, ഒ. പ്രശാന്തൻ, കെ.പി. ഹരീഷ് എന്നിവരും വിവിധ ട്രേഡ് യൂണിയൻ നേതാക്കളായ എ. പ്രേമരാജൻ, പി.സി. പ്രകാശൻ, ടി. സുരേന്ദ്രൻ, ഹാരിസ് പരന്തിരാട്ട് (സി.ഐ.ടി.യു), പി. കൃഷ്ണൻ, സത്യൻ കുനിയിൽ, കെ.ടി. സത്യൻ, ഇ. രാജേഷ് (ബി.എം.എസ്), കെ. ഹരീന്ദ്രൻ (ഐ.എൻ.ടി.യു.സി) എന്നിവരും പങ്കെടുത്തു.
