മാഹി: തലശ്ശേരി മാഹി ദേശീയ പാതയിൽ പരിമടത്ത് മഴയെ തുടർന്ന് റോഡ് അരികിൽ രൂപപ്പെട്ട അപകടകരമായ കുഴി പ്രദേശവാസികളെ ആശങ്കയിലാക്കുന്നു. മഴ തുടങ്ങിയതോടെ രൂപപ്പെട്ട ഈ ചെറിയ കുഴി ദിവസങ്ങൾ കഴിയുന്തോറും വലുതായി ഒരു വലിയ ഗർത്തമായി മാറിയിരിക്കുകയാണ്.
രാപകലില്ലാതെ വാഹനങ്ങൾ അതിവേഗം കടന്നുപോകുന്ന ദേശീയ പാതയുടെ വശത്താണ് ഈ അപകടകരമായ കുഴി സ്ഥിതി ചെയ്യുന്നത്. യാത്രക്കാർ റോഡ് മുറിച്ചു കടക്കാനും വാഹനങ്ങൾ നിർത്താനും ഉപയോഗിക്കുന്ന സ്ഥലമാണിത്. സമീപത്തെ വീടുകളിലേക്ക് സ്വകാര്യ വാഹനങ്ങൾ പോകുന്നതും ഈ കുഴിയുള്ള വഴിയിലൂടെയാണ്. ഇതുവഴി കടന്നുപോകുന്ന യാത്രക്കാരെയും വാഹനങ്ങളെയും അപകടത്തിൽ നിന്ന് രക്ഷിക്കാൻ പ്രദേശവാസികൾ കുഴിക്ക് സമീപം മുന്നറിയിപ്പ് എന്ന നിലയിൽ പഴയ ഫ്ലക്സ് ബോർഡുകളും കല്ലുകളും സ്ഥാപിച്ചിട്ടുണ്ട്.
വർഷങ്ങൾക്ക് മുമ്പ് ഇവിടെ ഒരു വലിയ മരം ഉണ്ടായിരുന്നു എന്നും പിന്നീട് അത് വെട്ടി മാറ്റിയതിനുശേഷം രൂപപ്പെട്ട കുഴി ആണിതെന്നും നാട്ടുകാർ പറയുന്നു. ദേശീയ പാത അതോറിറ്റി, ജില്ലാ കളക്ടർ, ന്യൂ മാഹിപ്പഞ്ചായത്ത് അധികൃതർ തുടങ്ങിയവർക്ക് നിരവധി തവണ പരാതി നൽകിയിട്ടും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് നാട്ടുകാർ കുറ്റപ്പെടുത്തി. ഈ ഗർത്തം വാഹനയാത്രക്കാർക്കും കാൽനടയാത്രക്കാർക്കും വലിയ പ്രയാസം സൃഷ്ടിക്കുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു.
