മാഹി മേഖലയിൽ കാലവർഷം ആരംഭിക്കുന്നതിന് മുൻപായി തോടുകളും കനാലുകളും അടിയന്തിരമായി വൃത്തിയാക്കണമെന്ന് ഭാരതീയ ജനതാ പാർട്ടി മാഹി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് ബിജെപി ഭാരവാഹികൾ മാഹി അഡ്മിനിസ്ട്രേറ്റർക്ക് നിവേദനം നൽകി.
മഴക്കാലത്തിന് മുന്നേ കനാലുകളിലെ തടസ്സങ്ങൾ നീക്കം ചെയ്തില്ലെങ്കിൽ പള്ളൂർ, ചാലക്കര, പന്തക്കൽ തുടങ്ങിയ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്ന് ബിജെപി ചൂണ്ടിക്കാട്ടി. പ്രധാന കനാലുകൾക്ക് പുറമെ മുനിസിപ്പൽ റോഡുകളിലെ ചെറിയ ഡ്രെയിനേജ് സംവിധാനങ്ങളുടെ സ്ലാബുകൾ നീക്കം ചെയ്ത് ശുചീകരണ പ്രവർത്തനങ്ങൾ ഉടൻ പൂർത്തിയാക്കണമെന്നും പാർട്ടി ആവശ്യപ്പെട്ടു.
നിലവിൽ ഫണ്ട് അനുവദിച്ചിട്ടുള്ള റോഡുകളുടെ നവീകരണ പ്രവർത്തനങ്ങൾ ഉടനടി ആരംഭിക്കണമെന്നും, ഭാഗികമായി പൂർത്തിയായ റോഡ് പണികൾ കാലവർഷത്തിന് മുൻപ് തന്നെ തീർക്കണമെന്നും ഭാരവാഹികൾ അഡ്മിനിസ്ട്രേറ്ററെ അറിയിച്ചു.
മണ്ഡലം പ്രസിഡന്റ് പി. പ്രബീഷ് കുമാർ, സംസ്ഥാന കമ്മിറ്റി അംഗം അംഗവളപ്പിൽ ദിനേശൻ, സെക്രട്ടറി ടി.എ. ലതീബ്, മണ്ഡലം ജനറൽ സെക്രട്ടറി മഗനിഷ്, ഒ.ബി.സി മോർച്ച സംസ്ഥാന സമിതിയംഗം ജയസൂര്യ ബാബു എന്നിവരാണ് അഡ്മിനിസ്ട്രേറ്ററെ നേരിൽ കണ്ട് ആവശ്യങ്ങൾ ഉന്നയിച്ചത്.
