മാഹി: പള്ളൂർ സബ്സ്റ്റേഷൻ റോഡിൽ വാഹനങ്ങൾ അമിതവേഗതയിൽ പായുന്നത് നാട്ടുകാരെ ഭീതിയിലാഴ്ത്തുന്നു. കോളേജ് വിദ്യാർത്ഥികളടക്കമുള്ള യുവാക്കളാണ് പള്ളൂർ വയൽ - സബ്സ്റ്റേഷൻ റോഡിൽ യാതൊരു നിയന്ത്രണവുമില്ലാതെ വാഹനങ്ങൾ ഓടിക്കുന്നത്. ഹെൽമറ്റ് പോലുമില്ലാതെ ഇരുചക്ര വാഹനങ്ങളിൽ മൂന്നും നാലും പേർ യാത്ര ചെയ്യുന്നതും ഇവിടെ പതിവുകാഴ്ചയായി മാറിയിരിക്കുകയാണ്.
മുഴപ്പിലങ്ങാട് - മാഹി ബൈപ്പാസിലെ പള്ളൂർ സിഗ്നൽ ഭാഗത്ത് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ നിലവിൽ സർവീസ് റോഡ് വഴിയാണ് ഗതാഗതം തിരിച്ചുവിട്ടിരിക്കുന്നത്. ഈ രണ്ട് സർവീസ് റോഡുകളും പള്ളൂർ വയൽ - സബ്സ്റ്റേഷൻ റോഡിനെ കുറുകെ കടന്നുപോകുന്നതിനാൽ പ്രദേശത്ത് വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ഈ തിരക്കിനിടയിലൂടെയാണ് യുവാക്കളുടെ മത്സരയോട്ടം നടക്കുന്നത്. കഴിഞ്ഞ ദിവസം ഇത്തരത്തിൽ അമിതവേഗതയിൽ പോയ ബൈക്ക് മറിഞ്ഞ് മൂന്ന് പെൺകുട്ടികൾക്ക് പരിക്കേൽക്കുകയും പള്ളൂർ ഗവൺമെന്റ് ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തിരുന്നു.
നിയമലംഘനങ്ങൾ ഇത്രയധികം വർദ്ധിച്ചിട്ടും പോലീസ് നടപടി സ്വീകരിക്കുന്നില്ലെന്നാണ് പരിസരവാസികളുടെ പരാതി. രൂപമാറ്റം വരുത്തിയ ബൈക്കുകളിലെ അഭ്യാസപ്രകടനങ്ങൾ തുടരുകയാണെങ്കിൽ നാട്ടുകാർ തന്നെ നേരിട്ട് തടയേണ്ടി വരുമെന്ന മുന്നറിയിപ്പും ഉയരുന്നുണ്ട്. അടിയന്തരമായി പോലീസ് പട്രോളിംഗ് ശക്തമാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
