മാഹി: മാഹിക്കും പുതുച്ചേരി പോലീസ് വകുപ്പിനും അഭിമാനമായി പള്ളൂർ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്ക് മികച്ച സേവനത്തിനുള്ള "Knights in Khaki" പുരസ്കാരം. മാഹി സ്വദേശിയായ പോലീസ് കോൺസ്റ്റബിൾ സൂരജ്, പുതുച്ചേരി ഗോരിമേട് സ്വദേശിയായ പോലീസ് കോൺസ്റ്റബിൾ പ്രകാശ് എന്നിവരാണ് ഈ അംഗീകാരത്തിന് അർഹരായത്.
കർത്തവ്യനിർവഹണത്തിലെ മികവ്, ട്രാഫിക് നിയന്ത്രണം, ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ, പ്രതിസന്ധിഘട്ടങ്ങളിലെ മാതൃകാപരമായ സേവനം എന്നിവ മുൻനിർത്തിയാണ് പുതുച്ചേരി പോലീസ് സേനയിലെ ഉദ്യോഗസ്ഥർക്ക് ഈ പുരസ്കാരം നൽകുന്നത്.
അടുത്തിടെ പള്ളൂർ സ്റ്റേഷൻ പരിധിയിൽ അർദ്ധരാത്രി ബീറ്റ് ഡ്യൂട്ടിക്കിടെ, കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മോചിതരായ രണ്ട് പ്രതികളെ മോഷണ ഇരുചക്രവാഹനവും ഉപകരണങ്ങളും സഹിതം പിടികൂടുന്നതിൽ ഇരുവരും നിർണായക പങ്ക് വഹിച്ചിരുന്നു. പുതുച്ചേരി സുകന്യ കൺവെൻഷൻ സെന്ററിൽ വെച്ച് നടക്കുന്ന ചടങ്ങിൽ പുരസ്കാരങ്ങൾ വിതരണം ചെയ്യും.
