മയ്യഴി: മാഹി റെയിൽവേ സ്റ്റേഷൻ ആധുനിക രീതിയിൽ നവീകരിച്ചെങ്കിലും ഇവിടെ കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചിട്ടില്ല.
യാത്രക്കാരുടെ സൗകര്യാത്ഥം കേരളത്തിൽ ഓടുന്ന മൂന്ന് ട്രെയിനുകൾക്ക് ഇന്ത്യൻ റെയിൽവേ സ്റ്റോപ്പ് അനുവദിച്ചെങ്കിലും കേന്ദ്ര ഭരണപ്രദേശമായ മാഹിയുടെ നാമധേയത്തിൽ സ്ഥിതി ചെയ്യുന്നതും അഴിയൂർ, മാഹി, ചാലക്കര, പള്ളൂർ, ചൊക്ലി, ഒളവിലം, പെരിങ്ങാടി തുടങ്ങിയ ദേശങ്ങളിലുള്ളവർക്ക് ഏറെ പ്രയോജനകരവുമായ മാഹി റെയിൽവേ സ്റ്റേഷനിൽ കൂടുതൽ സ്റ്റോപ്പുകൾ അനുവദിക്കണമെന്നാണ് യാത്രികരുടെ ആവശ്യം.
കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കുന്ന കാര്യത്തിൽ അനവധി യാത്രികരുള്ള മാഹി റെയിൽവേ സ്റ്റേഷനെ മാറ്റി നിർത്തുകയാണുണ്ടായത്. എന്നാൽ തലശ്ശേരി, വടകര, ചെങ്ങന്നൂർ, ശാസ്താംകോട്ട എന്നീ സ്റ്റേഷനുകളിൽ 3 ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുമതി നൽകിയിട്ടുണ്ട്.
