മാഹി: ന്യൂമാഹി ചെക്ക്പോസ്റ്റിന് സമീപം മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. സംഭവത്തിൽ തമിഴ്‌നാട് കള്ളകുറിച്ചി വെട്രിപുരം സ്വദേശി ലക്ഷ്മണനെ ന്യൂമാഹി പോലീസ് അറസ്റ്റ് ചെയ്തു. പള്ളിപ്പുറം സ്വദേശി നെടിയിരിപ്പിൽ ഹൗസിൽ എൻ. പ്രകാശൻ (56) ആണ് കൊല്ലപ്പെട്ടത്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്:
വെള്ളിയാഴ്ച രാവിലെ 10 മണിയോടെ ന്യൂമാഹി ചെക്ക്പോസ്റ്റിന് സമീപത്തെ സ്കൈ ബോൺ ട്രാവൽസിന്റെ വരാന്തയിലാണ് പ്രകാശനെ തലയ്ക്ക് പരിക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവസ്ഥലത്ത് നിന്ന് രക്തം പുരണ്ട കരിങ്കല്ല് പോലീസ് കണ്ടെടുത്തു. പ്രകാശനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയതാണെന്ന് അന്വേഷണത്തിൽ വ്യക്തമായി.
മത്സ്യമേഖലയുമായി ബന്ധപ്പെട്ട് മാഹി, അഴിയൂർ ഭാഗങ്ങളിൽ ജോലി ചെയ്തു വരികയായിരുന്നു കൊല്ലപ്പെട്ട പ്രകാശൻ.
അന്വേഷണം:
ന്യൂമാഹി പോലീസ് ഇൻസ്പെക്ടർ ബിജുപ്രകാശിന്റെ നേതൃത്വത്തിൽ പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ ദ്രുതഗതിയിലുള്ള അന്വേഷണമാണ് പ്രതിയെ പിടികൂടാൻ സഹായിച്ചത്. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പരിയാരം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
