കണ്ണൂർ : തലശേരി – മാഹി ബൈപാസിലെ അശാസ്ത്രീയ ടോൾ പിരിവിനെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു.
ദേശീയപാതാ അതോറിറ്റി പ്രോജക്ട് ഡയറക്ടർ 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജൂഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് ആവശ്യപ്പെട്ടു. ദൃശ്യ മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
തലശേരി – മാഹി ബൈപാസിൽ ഉദ്ഘാടന ദിവസം മുതൽ ടോൾ പിരിവ് തുടങ്ങിയിരുന്നു. ആറുവരി പാതക്ക് ടോൾ ബൂത്തിൽ 24 ഗേറ്റുകൾ വേണമെന്ന ചട്ടം നില നിൽക്കെ ആറുവരിപാത ടോൾ ബൂത്തിലെത്തുമ്പോൾ നാലുവരിയായി ചുരുങ്ങും. എമർജൻസി വാഹനങ്ങൾക്കും ഫാസ്റ്റ് ടാഗുള്ള വാഹനങ്ങൾക്കും കടന്നു പോകാൻ പ്രത്യേക ഗേറ്റില്ല. തലശേരി – മാഹി ബൈപാസിന്റെ ദൈർഘ്യം 18.6 കിലോമീറ്റർ മാത്രമാണ്. അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതുവരെ ടോൾ പിരിവ് നിർത്തി വയ്ക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.