ന്യൂമാഹി: ഏടന്നൂർ, കിടാരൻകുന്ന് പ്രദേശങ്ങളിൽ ജനജീവിതത്തിന് ഭീഷണിയുയർത്തിയ കാട്ടുപന്നികളെ വെടിവെച്ച് കൊന്നു. പ്രദേശവാസികളുടെ സുരക്ഷ മുൻനിർത്തി ന്യൂമാഹി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അർജുൻ പവിത്രൻ ജനുവരി 21-ന് പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി.
അംഗീകൃത ഷൂട്ടർ സി.കെ. വിനോദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പന്നികളെ ഉന്മൂലനം ചെയ്യുന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. കാട്ടുപന്നി ശല്യം രൂക്ഷമായ സാഹചര്യത്തിൽ ജനങ്ങളുടെ സ്വൈര്യജീവിതം ഉറപ്പാക്കുന്നതിനാണ് പഞ്ചായത്ത് ഇത്തരമൊരു നടപടി സ്വീകരിച്ചത്. ഈ മേഖലകളിൽ പന്നികളെ തുരത്തുന്നതിനുള്ള പ്രവർത്തനങ്ങൾ ഇപ്പോഴും പുരോഗമിച്ചുവരികയാണ്.
