റെയിൽവേ ലൈൻ കാൽനടയാത്രക്ക് നിയന്ത്രണംഏർപ്പടുത്തി : വട്ടംകറങ്ങി കാൽനടയാത്രക്കാർ

അഴിയൂർ: തീവണ്ടികളുടെ എണ്ണവും വേഗവും കൂട്ടുന്നതിന്റെ ഭാഗമായി സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ ലൈൻ മുറിച്ചുകടന്നുള്ള കാൽനടവഴികൾ ഓരോന്നായി ഇല്ലാതാവുന്നു. ഷൊർണൂർ -മംഗളൂരു പാതയിൽ ട്രെയിനുകളുടെ വേഗം 130 കിലോമീറ്ററാക്കാനുളള മുന്നൊരുക്കത്തിന്റെ ഭാഗമായാണിത്. വലിയതോതിൽ ജനസഞ്ചാരമുണ്ടായിരുന്ന വടകര ഒന്തം റോഡ്, വണ്ണാത്തി ഗേറ്റ്, മാഹി, ചോറോട് തുടങ്ങിയ സ്ഥലങ്ങളിലെ വഴികളെല്ലാം അടച്ചു. ചിറയിൽപ്പീടിക, നാദപുരം റോഡ്, മടപ്പള്ളി എന്നിവിടങ്ങളിലെ വഴിയും വൈകാതെ തടസ്സപ്പെടും.

അനുമതിയോടെ അല്ലെങ്കിലും റെയിൽ മുറിച്ചുകടക്കാനുള്ള താത്‌കാലികസംവിധാനം ഇല്ലാതാവുന്നതോടെ ജനങ്ങൾ വലിയ ബുദ്ധിമുട്ട് അനുഭവിക്കേണ്ടിവരും. ഈ സാഹചര്യത്തിൽ അടിപ്പാതകളുടെ പ്രാധാന്യം വർധിച്ചുവരുന്നുണ്ട്. മാഹിക്കും വടകരയ്ക്കും ഇടയിൽ അഴിയൂർ കക്കടവ്, പരദേവതാക്ഷേത്രം, മുക്കാളി പട്ട്യാട്ട്, മടപ്പള്ളി എന്നിവിടങ്ങളിലാണ് അടിപ്പാതയുള്ളത്. മാഹി, കുഞ്ഞിപ്പളളി എന്നിവിടങ്ങളിൽ അടിപ്പാതയ്ക്കുള്ള ആവശ്യം ഏറെ പഴക്കമുള്ളതാണ്. നാദാപുരം റോഡ് അടിപ്പാതയുടെ പണി തുടങ്ങിയത് പാതിവഴിയിലാണ്. പൂവാടൻഗേറ്റ് അടിപ്പാത നിർമാണവും പൂർത്തിയായിട്ടില്ല.

റെയിൽവേ മേൽപ്പാലം വന്ന കുഞ്ഞിപ്പള്ളി, ചോറോട് എന്നിവിടങ്ങളിൽ പണിത കോണിപ്പടികൾ കയറിയിറങ്ങാൻ പറ്റാത്തരീതിയിലാണ് നിർമിച്ചത്. കുഞ്ഞിപ്പള്ളി ചിറയിൽപ്പീടിക വഴിയടഞ്ഞാൽ മറ്റൊരുവഴി എളുപ്പമല്ല. അഴിയൂർ മൂന്നാംഗേറ്റ്, മുക്കാളി, കണ്ണൂക്കര എന്നീ മൂന്ന് കീപ്പറുളള ഗേറ്റുകളാണ് ഈ ഭാഗത്തുള്ളവരുടെ മറ്റൊരു ആശ്രയം. അവിടെയും ഗേറ്റ് അടച്ചസമയത്ത് കാൽനട അനുവദനീയമല്ല. റെയിൽവേ ലൈനിൽ അനുമതിയില്ലാത്ത ഇടങ്ങളിൽ മുറിച്ചുകടക്കുന്നത് നിയമവിരുദ്ധവും ശിക്ഷാർഹവുമാണെന്ന് റെയിൽവേ അധികൃതർ പറഞ്ഞു. അപകടങ്ങൾ ഇല്ലാതാക്കുക എന്നതാണ് റെയിൽവേയുടെ ലക്ഷ്യം.

അതേസമയം, ഗ്രാമീണമേഖലയിലെ കാൽനടക്കാരായ യാത്രക്കാരാണ് വട്ടംകറങ്ങിയുള്ള യാത്രകൊണ്ട് കൂടുതൽ പ്രയാസമനുഭവിക്കുക. ഇത് പരിഹരിക്കാൻ അടിപ്പാത, സാധ്യതയുള്ള സ്ഥലങ്ങളിൽ മേൽനടപ്പാത എന്നിവയാണ്പരിഹാരം.

വടകര ഒന്തം റോഡിൽ മേൽനടപ്പാത സാധ്യമാണെന്ന് റെയിൽവെ റിപ്പോർട്ട് നൽകിയിട്ടുണ്ട്. എന്നാൽ, ഫണ്ട് റെയിൽവേയിൽനിന്ന് കിട്ടില്ല. നഗരസഭാ ഫണ്ടോ, എം.പി, എം.എൽ.എ. ഫണ്ടോ കിട്ടിയാൽ നടപ്പാത പണിയാമെന്നാണ് റെയിൽവേ പറയുന്നത്.

ട്രാക്ക് മുറിച്ചുകടക്കുമ്പോഴുള്ള അപകടം കൂടി റെയിൽവേട്രാക്കിൽ തീവണ്ടി തട്ടിയുള്ള അപകടവും മരണവും കൂടിയെന്നാണ് റെയിൽവേയുടെ കണക്ക്. കഴിഞ്ഞദിവസം റെയിൽവേ പുറത്തുവിട്ട കണക്കുപ്രകാരം പാലക്കാട് ഡിവിഷനിലെ ട്രാക്കുകളിലായി 2023-ൽ 541 പേർ മരിച്ചു. ആത്മഹത്യ ഉൾപ്പെടെയുള്ള കണക്കാണിത്. 268 പേരും മരിച്ചത് ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെയാണ്. ഈ വർഷം ജനുവരിയിൽമാത്രം 28 മരണമുണ്ടായി. മുൻവർഷങ്ങളെ അപേക്ഷിച്ച് മരണം കൂടിയിട്ടുണ്ടെന്നാണ് കണക്ക്.അടിപ്പാതകളുടെ പ്രാധാന്യം വർധിച്ചു

വളരെ പുതിയ വളരെ പഴയ