മയ്യഴി: മാഹിയിൽ വോട്ടർപട്ടികയിൽ നിന്ന് വ്യാപകമായി വോട്ടുകൾ നീക്കം ചെയ്ത നടപടിക്കെതിരെ കോൺഗ്രസ് രംഗത്ത്. കൃത്യമായ രേഖകൾ ഹാജരാക്കിയിട്ടും താല്പര്യകക്ഷികളുടെ നിർദ്ദേശപ്രകാരം ബി.എൽ.ഒമാർ (BLO) നൽകിയ തെറ്റായ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് വോട്ടുകൾ തള്ളിയതെന്ന് കോൺഗ്രസ് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
വോട്ടർപട്ടികയിൽ നിന്ന് നീക്കം ചെയ്ത വോട്ടുകൾ ഉടൻ പുനഃസ്ഥാപിക്കണമെന്നും, ഇതിന് ഒത്താശ ചെയ്ത ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കാനുള്ള നീക്കമാണിതെന്നും ഇതിനെതിരെ ശക്തമായ നടപടി വേണമെന്നും കോൺഗ്രസ് വ്യക്തമാക്കി.
വാർത്താസമ്മേളനത്തിൽ അഡ്വ. എ.പി അശോകൻ, കെ. മോഹനൻ, സത്യൻ കേളോത്ത്, കെ. ഹരിന്ദ്രൻ, വി.ടി ഷംസുദ്ദീൻ എന്നിവർ പങ്കെടുത്തു.
