മാഹി: കേന്ദ്ര സർക്കാരിന്റെ സ്വച്ച് വിദ്യാലയ പുരസ്കാരത്തിനായുള്ള ദേശീയതല മത്സരത്തിലേക്ക് യോഗ്യത നേടി മാഹിയിലെ ചെമ്പ്ര ഗവ. എൽ.പി. സ്കൂൾ. പുതുച്ചേരി സംസ്ഥാനതലത്തിൽ നടന്ന 'സ്വച്ച് ഏവം ഹരിത വിദ്യാലയ' മത്സരത്തിൽ ഉജ്ജ്വലമായ 5-സ്റ്റാർ റേറ്റിംഗ് കരസ്ഥമാക്കിയാണ് സ്കൂൾ ഈ നേട്ടം സ്വന്തമാക്കിയത്.
രാജ്യത്തെ പതിനായിരക്കണക്കിന് സ്കൂളുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട മികച്ച 509 വിദ്യാലയങ്ങളുടെ പട്ടികയിലാണ് ചെമ്പ്ര ജി.എൽ.പി.എസ് ഇടംപിടിച്ചിരിക്കുന്നത്. സ്കൂളിലെ മികച്ച ശുചിത്വ പരിപാലനം, ഹരിതാഭമായ അന്തരീക്ഷം, ആധുനികമായ അടിസ്ഥാന സൗകര്യങ്ങൾ, കുട്ടികളുടെ സ്വഭാവ രൂപീകരണത്തിലും ശേഷി വർദ്ധനവിലും നൽകുന്ന പ്രത്യേക ശ്രദ്ധ എന്നിവ മുൻനിർത്തിയാണ് ഈ അംഗീകാരം.
സംസ്ഥാനതലത്തിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ സ്കൂളിനെ ദേശീയതല മത്സരത്തിനായി ഔദ്യോഗികമായി നാമനിർദ്ദേശം ചെയ്തു. ഒരു സർക്കാർ വിദ്യാലയത്തെ സംബന്ധിച്ചിടത്തോളം ദേശീയതലത്തിൽ ഇത്തരമൊരു അംഗീകാരത്തിന് അർഹത നേടുന്നത് വലിയ നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്. മികച്ച വിദ്യാഭ്യാസത്തോടൊപ്പം പരിസ്ഥിതി സൗഹൃദമായ സ്കൂൾ അന്തരീക്ഷം ഒരുക്കുന്നതിൽ അധ്യാപകരും രക്ഷകർത്താക്കളും ഒത്തൊരുമിച്ച് നടത്തിയ പ്രവർത്തനങ്ങളുടെ ഫലമാണ് ഈ '5-സ്റ്റാർ' പദവിയെന്ന് സ്കൂൾ പ്രധാനാധ്യാപിക എ.വി. സിന്ധു പറഞ്ഞു.
