മാഹി: പെട്രോളും ഡീസലും നിറക്കാനെത്തുന്ന വാഹനങ്ങൾ വർധിച്ചതോടെ മാഹി ദേശീയപാതയിൽ ഗതാഗതക്കുരുക്കിൽപെട്ട് വീർപ്പുമുട്ടി.വാഹനയാത്രികർ മാഹിയിൽ ഗതാഗതകുരുക്കിൽപ്പെട്ട് വലഞ്ഞു.
വ്യാഴാഴ്ച പുലർച്ചെ ഒരു മണി മുതൽ രാവിലെ 7 മണി വരെ ഗതാഗതക്കുരുക്ക് നീണ്ടു. വെള്ളിയാഴ്ച്ചയും സ്ഥിതി അതുതന്നെ.മകര വിളക്കിന് പോകുന്ന അയ്യപ്പഭക്തരുടെ നൂറ് കണക്കിന് വാഹനങ്ങളാണ് ഈ സമയത്ത് മാഹിയിലൂടെ കടന്നു പോയത്. കർണാടകയിൽ നിന്നുള്ള വാഹനങ്ങളായിരുന്നു. ഇവയിലേറെയും മാഹിയിലെ പെട്രോൾ പമ്പുകളിൽ ഇന്ധനം നിറക്കാൻ അവിടെയും ഇവിടെയുമായി നിർത്തിയിട്ടതോടെ ദേശീയ പാതയിൽ വാഹനങ്ങളുടെ നീണ്ട നിരയായി. ആംബുലൻസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ കുരുക്കിൽപ്പെട്ട് വലഞ്ഞു. സമീപത്ത് തന്നെ മാഹി പോലീസ് സ്റ്റേഷൻ ഉണ്ടായിട്ടും പോലീസുകാരുടെ ഭാഗത്തു നിന്ന് ഗതാഗതം നിയന്ത്രിക്കാൻ
നടപടി ഒന്നും ഉണ്ടായില്ല.
മാഹി അഡ്മിനിസ്ട്രേറ്റരും മാഹി പോലീസ് സൂപ്രണ്ടും ഗതാഗത നിയന്ത്രണത്തിന് സംവിധാനമുണ്ടാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് വാഹനയാത്രക്കാരുടെ ആവശ്യം