മാഹി: സർക്കാർ/ ജനകീയ കമ്മിറ്റികൾക്ക് പകരം, നാടും നാട്ടുകാരുമറിയാതെ പുതുച്ചേരിയിൽ വെച്ച് ഒരു ദിവസത്തെ കലാപരിപാടിക്ക് 18 ലക്ഷം രൂപയുടെ കരാറുണ്ടാക്കി, മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്‌തമായി സ്വകാര്യ ഏജൻസിക്ക് മയ്യഴി മഹോത്സവം നടത്താൻ അനുവാദം നൽകിയത് പ്രതിഷേധാർഹമാണെന്ന് ജനശബ്ദം മാഹി പ്രവർത്തക സമിതി അഭിപ്രായപ്പെട്ടു. മയ്യഴിയുടെ അതി മനോഹര തീരമായ മഞ്ചക്കൽ ജല കേളീ സമുച്ഛയം കാട് പിടിച്ച് കിടക്കുകയാണ്.പി .ടി .ഡി .സി.യുടെ കഫെകൾ അടഞ്ഞുകിടക്കുന്നു. മഞ്ചക്കലിലെ കൽമണ്ഡപത്തിലും, പുഴയോര നടപ്പാതയിലും ആഴ്‌ചകൾ തോറും നടത്തിവന്ന നാട്ടിലെ കലാകാരന്മാരുടെ പരിപാടികൾ നിർത്തിവെച്ചിരിക്കുകയാണ്. നിസ്സാര ചിലവിൽ നടത്താനാവുന്ന ഇത്തരം പരിപാടികൾ ഇല്ലാതാക്കി’, കലയെ വ്യാപാരവൽക്കരിച്ച ചില ഇടനിലക്കാർക്ക് നികുതി പണം ധൂർത്തടിക്കാൻ നൽകുന്നത് ന്യായീകരിക്കാനാവില്ല.
മയ്യഴിയുടെ മഹത്തായ കലാ-സാംസ്ക്‌കാരിക പാരമ്പര്യത്തെ പ്രോത്സാഹിപ്പിക്കാനായിരിക്കണം ജനങ്ങളുടെ നികുതിപ്പണം ഉപയോഗിക്കേണ്ടതെന്നും, കലയെ കച്ചവടക്കണ്ണുകളോടെ കാണുന്ന ഇടനിലക്കാരുടെ സ്വാർത്ഥ താൽപ്പര്യങ്ങൾക്ക് വേണ്ടിയാവരുതെന്നും ജനശബ്‌ദം പ്രവർത്ത സമിതി ആവശ്യപ്പെട്ടു. ചാലക്കര പുരുഷു അദ്ധ്യക്ഷത വഹിച്ചു. ഇ.കെ.റഫീഖ്, ടി.എം.സുധാകരൻ, ടി.എ.ലതീപ്, ദാസൻ കാണി/ ജസീമ മുസ്തഫ, സുരേഷ് പന്തക്കൽ, ഷാജി പിണക്കാട്ട്, ഷിബു കാളാണ്ടിയിൽ സംസാരിച്ചു